Asianet News MalayalamAsianet News Malayalam

പൊലീസ് പാസ് വേണ്ട; അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്രാനുമതി

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പെടാത്തവര്‍ക്കാണ് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് മണിവരെയുളള വാഹനനിയന്ത്രണം ബാധകമാകുന്നത്. 

police pass is not needed for essential services
Author
Trivandrum, First Published May 5, 2020, 9:37 PM IST

തിരുവനന്തപുരം: അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴ് മണിവരെയുളള യാത്രാനിരോധനം ബാധകല്ലെന്ന് ഡിജിപി. ഇവര്‍ക്ക് പൊലീസ് പാസില്ലാതെ യാത്ര ചെയ്യാം. സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും  ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍,  ഐറ്റി മേഖലകളിലുളളവര്‍, ഡാറ്റ സെന്‍റര്‍ ജീവനക്കാര്‍, ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ മുതലായവര്‍ക്കായിരിക്കും ഇളവുകളുണ്ടാവുക. ഇവര്‍ മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ല. പകരം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. ഒറ്റ, ഇരട്ട വാഹന രജിസ്ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കിയുളള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.  

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പെടാത്തവര്‍ക്കാണ് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് മണിവരെയുളള വാഹനനിയന്ത്രണം ബാധകമാകുന്നത്.  വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം ഏഴ് മണിവരെ യാത്ര പാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്കുമാത്രം സഞ്ചരിക്കാനാണ് പൊലീസ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ചുവപ്പുമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന  ജില്ലകളിലേക്കും ഹോട്ട്‍സ്‍പോട്ട് മേഖലകളിലേക്കും പൊലീസ് പാസ് നല്‍കുന്നതല്ല.  എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല.  

നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെട്ടുകല്ല് മുറിച്ച് ശേഖരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.  സിമന്‍റ് വില്‍ക്കുന്നത് ഉള്‍പ്പെടെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ പിന്തുടരുന്ന തരത്തില്‍ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. ഏറ്റവും കുറച്ച് ജീവനക്കാര്‍, സാമൂഹ്യഅകലം പാലിക്കല്‍ എന്നിവയാണ് പ്രധാനം.  ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്‍മൂലവും കരുതണം.  അവര്‍ക്ക് പൊലീസ് പാസിന്‍റെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios