തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവ് സെയ്ദലി മജീദിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മലപ്പുറം: മലപ്പുറം തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസ്. വനിതാ ലീഗ് പ്രവർത്തക ബി കെ ജമീലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസം​ഗം വിവാദമായതോടെ ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.

പ്രസം​ഗം പരിധി കടന്നുവെന്ന് അം​ഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് സെയ്ദലി മജീദ് ഖേദപ്രകടനത്തിൽ പറഞ്ഞത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു. തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നുമാണ് സെയ്ദലി മജീദ് പറഞ്ഞത്.