തിരുവോണ ദിവസം ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര തിരിച്ച ഒരു കുടുംബത്തിന് വഴി തെറ്റി കാർ പൈനാപ്പിൾ തോട്ടത്തിലെ ചെളിയിൽ കുടുങ്ങി. 

തൃശൂർ: തിരുവോണ ദിവസം ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര തിരിച്ച ഒരു കുടുംബത്തിന് വഴി തെറ്റി കാർ പൈനാപ്പിൾ തോട്ടത്തിലെ ചെളിയിൽ കുടുങ്ങി. കുടുംബത്തിലെ സ്ത്രീയുടെ ദയനീയമായ ഫോൺ കോൾ കേട്ട് പഴയന്നൂർ പോലീസ് നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

തിരുവോണ ദിവസം രാവിലെ പഴയന്നൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരികയായിരുന്നു. "സാർ, വേഗം വരണം, ഞങ്ങളുടെ വണ്ടി പൈനാപ്പിൾ തോട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി വന്നതാണ്, തിരിച്ചുപോകാൻ പറ്റുന്നില്ല. കൂടെ ചെറിയൊരു കുഞ്ഞുമുണ്ട്' എന്ന് ഒരു സ്ത്രീയുടെ പരിഭ്രാന്തമായ ശബ്ദത്തിൽ കേട്ടു. ഒപ്പം ഒരു കുഞ്ഞിൻ്റെ കരച്ചിലും കേൾക്കാമായിരുന്നു.

ഫോൺ അറ്റൻഡ് ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു ഉടൻ തന്നെ സബ് ഇൻസ്പെക്ടർ പൗലോസിനെ വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തിൻ്റെ ലൊക്കേഷൻ അയച്ചുതരാൻ ആവശ്യപ്പെട്ടു. ലൊക്കേഷൻ ലഭിച്ച ഉടൻതന്നെ ഇൻസ്പെക്ടർ മുഹമ്മദ് ബഷീറിൻ്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ ശിവകുമാറും മുഹമ്മദ് ഷാനും സ്റ്റേഷൻ വാഹനവുമായി സ്ഥലത്തേക്ക് പുറപ്പെട്ടു.

പോലീസുകാർ സ്ഥലത്തെത്തിയപ്പോൾ ചെളിയിൽ പൂണ്ട് നീങ്ങാനാകാതെ കിടക്കുന്ന കാറാണ് കണ്ടത്. കാറിനകത്ത് രണ്ട് സ്ത്രീകളും ഭയന്നു കരയുന്ന ഒന്നര വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തിൻ്റെ സഹായമില്ലാതെ കാർ പുറത്തെടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പോലീസുകാർ സമീപവാസികളെ സമീപിച്ച് ഒരു വാഹനം സംഘടിപ്പിച്ചു. നാട്ടുകാരുടെ സഹായവും അവർക്ക് ലഭിച്ചു. പോലീസുദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിൽ വാഹനം ചെളിയിൽ നിന്ന് നീക്കി റോഡിലെത്തിച്ചു.

സുരക്ഷിതമായി പുറത്തിറങ്ങിയ കുടുംബം നന്ദി പറഞ്ഞ് യാത്ര തിരിക്കാൻ ഒരുങ്ങിയപ്പോൾ, ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പോലീസുകാർ അവർക്കും നാട്ടുകാർക്കും മുന്നറിയിപ്പ് നൽകി. തുടർന്ന് പോലീസുകാർക്കും നാട്ടുകാർക്കും ഓണാശംസകൾ നേർന്ന് അവർ സന്തോഷത്തോടെ മടങ്ങി. കാറിലിരുന്ന് ചിരിച്ചുകൊണ്ട് കുഞ്ഞ് പോലീസുകാരെ നോക്കി കൈവീശിക്കാണിക്കുന്നത് ഹൃദയസ്പർശിയായ കാഴ്ചയായിരുന്നു.