Asianet News MalayalamAsianet News Malayalam

കൊവിഡ്: നിർദ്ദേശം ലംഘിച്ച ആരാധനാലയങ്ങൾക്കെതിരെ കേസ്; വൈദികർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ്‌

പരാതി ഉയർന്ന സാഹചര്യത്തിൽ അത്തരം ആരാധനാലയങ്ങളിലെ പുരോഹിതർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് 150ലധികം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ സംഭവത്തിൽ രണ്ട് പള്ളി വികാരിമാർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

police says must take case against priests violating covid protocol
Author
Kasaragod, First Published Mar 20, 2020, 5:11 PM IST

കാസർകോട്: കാസർകോട്ടെ ചില ആരാധനാലയങ്ങളിൽ അമ്പതിലധികം ആളുകൾ ഒത്തുകൂടിയതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പി എസ് സാബു പറഞ്ഞു. പരാതി ഉയർന്ന സാഹചര്യത്തിൽ അത്തരം ആരാധനാലയങ്ങളിലെ പുരോഹിതർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് 150ലധികം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ സംഭവത്തിൽ രണ്ട് പള്ളി വികാരിമാർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. രാജപുരം സെന്റ് ജോസഫ് ഫൊറോന പള്ളിയിലാണ് കുർബാന നടന്നത്. 

സർക്കാർ നിർദ്ദേശം ലംഘിച്ചതിനും പരിപാടി നടത്തിയതിനും പള്ളി വികാരിമാരായ ഫാദർതോമസ് പട്ടംകുളം, ഫാദർ ജോസഫ് ഓരത്ത് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇവിടെ പൊലീസെത്തിയാണ് കുർബാന നിർത്തിച്ചത്. 

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പള്ളികളിൽ കുർബാനയ്ക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അമ്പതിൽ താഴെയായി ക്രമീകരിക്കണമെന്ന് കെസിബിസി സർക്കുലർ ഇറക്കിയിരുന്നു. ദേവാലയങ്ങളിൽ കുർബാന നിർത്തേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നിയാൽ രൂപത അധ്യക്ഷന് തീരുമാനമെടുക്കാമെന്നും സർക്കുലറിലുണ്ടായിരുന്നു. വിശ്വാസികൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.

അതേസമയം, കർണാടകയുമായി അതിർത്തിപങ്കിടുന്ന, ജില്ലയിലെ 12  റോഡുകൾ അടച്ചു.  5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ  ഡി സജിത്ത് ബാബു അറിയിച്ചു.  മഞ്ചേശ്വരത്തെ തൂമിനാട് റോഡ്‌,  കെദംപാടി പദവ് റോഡ്‌,  സുങ്കദകട്ടെ മു ടിപ്പ് റോഡ്‌,  കുറുട പദവ്  റോഡ്‌,  മുളിഗദ്ദെ റോഡ്,  ബെരിപദവ് റോഡ്‌  എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്,  ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്,  ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്‌,  നാട്ടക്കൽ സുള്ള്യപദവ് റോഡ്‌,  ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡും പൂർണമായി അടച്ചു.

 തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല  അഡ്യാനടുക്ക റോഡ്‌,  ആദൂർ- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത,  മാണിമൂല സുള്ള്യറോഡ്‌,  പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ്‌ എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടു.  ഡോക്ടർമാർ,  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലീസുകാർ എന്നിവരടങ്ങിയ സംഘം 5 അതിർത്തി റോഡുകളിൽ പരിശോധന ഉണ്ടായിരിക്കും.  

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 

Follow Us:
Download App:
  • android
  • ios