Asianet News MalayalamAsianet News Malayalam

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ് ഐ ജിമ്മി ജോസിന് സസ്പെൻഷൻ, ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു. 

police sub inspector suspended in tripunithura custody death apn
Author
First Published Mar 26, 2023, 10:59 AM IST

കൊച്ചി : തൃപ്പൂണിത്തുറയിൽ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെയാണ് സസ്പെൻഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു. 

അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ഉടൻ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടും അലക്ഷ്യവും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്താനാണ് മനോഹരനെ സ്റ്റേഷനിൽ കൊണ്ടുപോയത്. ജാമ്യക്കാരെയും വിളിപ്പിച്ചുവെന്നാണ് വിവരം. 

അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാരുയർത്തുന്നത്. വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനിൽ എത്തിക്കുന്നത്. ഇവിടെ വെച്ച് മനോഹരൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 

 

 

Follow Us:
Download App:
  • android
  • ios