Asianet News MalayalamAsianet News Malayalam

'തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാവില്ല'; മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി ചിത്തരഞ്ജൻ എംഎൽഎ

ചാനൽ ചർച്ചയ്ക്ക് ഇടയിൽ  മാസ്ക് കൊണ്ട് മുഖം തുടയ്ക്കുന്ന വീഡിയോ വൈറലാവുകയും വിമർശനം ഉയരുകയും ചെയ്തതിനെ തുടർന്നാണ് എംഎൽഎയുടെ ഖേദ പ്രകടനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. 

pp chittaranjan mla regrets wiping face with mask
Author
Thiruvananthapuram, First Published Jul 15, 2021, 10:36 AM IST

തിരുവനന്തപുരം: മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി പി.പി ചിത്തരഞ്ജൻ എംഎൽഎ. തെറ്റ് പറ്റിപ്പോയെന്നും ഇത്തരം വീഴ്ച ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ചാനൽ ചർച്ചയ്ക്ക് ഇടയിൽ  മാസ്ക് കൊണ്ട് മുഖം തുടയ്ക്കുന്ന വീഡിയോ വൈറലാവുകയും വിമർശനം ഉയരുകയും ചെയ്തതിനെ തുടർന്നാണ് എംഎൽഎയുടെ ഖേദ പ്രകടനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

നിർവ്യാജം ഖേദിക്കുന്നു..

ബഹുമാന്യരേ,
 
കഴിഞ്ഞദിവസം മീഡിയവൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുന്ന വേളയിൽ മാസ്ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാൻ അന്ന് വെച്ചിരുന്നത് ഡബിൾ സർജിക്കൽ മാസ്ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം മീഡിയാവൺ സ്റ്റുഡിയോയിലായിരുന്നു ചാനൽ ചർച്ചയ്ക്ക് എത്തേണ്ടിയിരുന്നത്. ട്രെയിൻ വൈകിയത് മൂലം ചർച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് ഞാൻ ചർച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയിൽ നടന്നപ്പോൾ വിയർത്തു. ചർച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുൻപിൽ ഇരുന്നപ്പോൾ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്റെ ബാഗിൽ ടവ്വൽ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന N95 വെള്ള മാസ്ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചത്. എന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നൽകാൻ ഇടയാക്കിയതിൽ എനിക്ക് ഖേദമുണ്ട്. എന്നിൽ നിന്നും ഇത്തരം വീഴ്ചകൾ   തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. മേലിൽ ഇത് അവർത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവർത്തിക്കരുതെന്നും ഞാൻ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios