Asianet News MalayalamAsianet News Malayalam

പ്രസാദിന്റെ ആത്മഹത്യ അത്യന്തം ഖേദകരം, കേരളത്തിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ തക്ക സാഹചര്യം ഒന്നുമില്ല: കൃഷിമന്ത്രി

കേരളത്തിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ തക്ക സാഹചര്യങ്ങൾ ഒന്നും തന്നെ നിലവിലില്ലെന്നും കർഷകനെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും, ആത്മഹത്യക്കിടയാക്കിയ സാഹചര്യം എന്തെന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Prasad s death is deeply regrettable there are no circumstances in Kerala where a farmer can commit suicide
Author
First Published Nov 11, 2023, 10:55 PM IST

തിരുവനന്തപുരം: തകഴിയിലെ കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്തത് അത്യന്തം ഖേദകരമെന്നും കർഷകന്റെ വിയോഗത്തിൽ പരേതന്റെ കുടുംബത്തോടുള്ള തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരളത്തിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ തക്ക സാഹചര്യങ്ങൾ ഒന്നും തന്നെ നിലവിലില്ലെന്നും കർഷകനെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും, ആത്മഹത്യക്കിടയാക്കിയ സാഹചര്യം എന്തെന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

നെൽകൃഷിക്ക് വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങളിൽ സർക്കാർ ആനുകൂല്യം ലഭ്യമാക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത തരത്തിലാണ് നെൽ കർഷകർക്കുള്ള സഹായങ്ങൾ ഈ സർക്കാർ ലഭ്യമാക്കുന്നതെന്നും രാജ്യത്ത് നെല്ലിന് ഏറ്റവും ഉയർന്ന സംഭരണവില നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ആത്മഹത്യ ചെയ്യപ്പെട്ട കർഷകനും സർക്കാർ ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ എല്ലാം ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കുന്നത്. നെൽകൃഷിക്ക് ആവശ്യമായ വിത്തും, നീറ്റുകക്കയും കൃഷിഭവൻ മുഖാന്തിരം വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില മുഴുവൻ നൽകിയിട്ടുണ്ടെന്നും 2021-22 വർഷം ഉണ്ടായിരുന്ന പി.ആർ.എസ് വായ്പ യുടെ ബാധ്യത സർക്കാർ തീർത്തിട്ടുള്ളതാണെന്നും 2022-23ലെ പി.ആർ.എസ് വായ്പയുടെ തിരിച്ചടവിന് സമയമായിട്ടില്ലെന്നുമാണ് ഭക്ഷ്യ വകുപ്പിൽ നിന്നും അറിയാൻ കഴിഞ്ഞത്. 

കർഷകന് വ്യക്തിഗത വായ്പ ലഭിക്കാതെ പോയതിന്റെ യഥാർത്ഥ സാഹചര്യം എന്തായിരുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ബാങ്ക് വായ്പ കുടിശിക ഒറ്റത്തവണയിലൂടെ തീർക്കുന്നവരുടെ സിബിൽസ്കോറിൽ കുറവ് വരുന്നതും, ആക്കാരണത്താൽ കർഷകർക്ക് ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നതും പരിശോധിക്കപ്പെടണം. കർഷകർക്ക് കൃഷി ചെയ്യുന്നതിന് അനുവദിക്കുന്ന വായ്പകളിൽ ബാങ്കുകൾക്ക് ഉദാരസമീപനം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

Read more: 'ജീവിതത്തിൽ പരാജയപ്പെട്ടുപോയി, വീട് പണിയെങ്ങുമെത്തിയില്ല', നൊമ്പരമായി ഗോപിയുടെ ആത്മഹത്യാക്കുറിപ്പ്

കർഷകന് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഈ സർക്കാർ അടുത്തുകൊണ്ടിരിക്കുന്നത്. സമചിത്തതയോടെയുള്ള സാമ്പത്തിക കൈകാര്യ ശേഷിയിലേക്ക് കർഷകരെ പ്രാപ്തരാക്കുവാൻ നിലവിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios