കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
പാലക്കാട്: കടുവാ സെൻസസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നട്ടെല്ലും വാരിയെല്ലുകളും തകർന്നിരുന്നു. ആന്തരിക അവയവങ്ങൾക്കെല്ലാം ക്ഷതമേറ്റു. ആന പിന്നിൽ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിൻ്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
കഴിഞ്ഞ ദിവസം അട്ടപ്പാടി പുതൂരിലാണ് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് കാളിമുത്തു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാളിമുത്തു, പുതൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ കണ്ണൻ, വനം വാച്ചർ അച്ചുതൻ എന്നിവരുടെ മൂന്നംഗ സംഘമാണ് മുള്ളി വനമേഖലയിൽ കടുവാ സെൻസസിനായെത്തിയത്. കാട്ടിനുള്ളിലെത്തിയ ഇവർ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
അതേസമയം, കാളിമുത്തുവിൻ്റെ മകൻ അനിൽകുമാറിന് വനം വകുപ്പിൽ താൽകാലിക ജോലി നൽകാൻ തീരുമാനമായി. കൂടാതെ, കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക നാളെ കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് മണിയോടെ കാളിമുത്തുവിന്റെ മൃതദേഹം സംസ്കരിക്കും.



