തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കമ്പനി പൂട്ടാൻ പോകുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത്. കെഎസ്ആർടിസിയുടെ നവീകരണത്തിന് ഒപ്പം കെടിഡിഎഫ്സി പൂട്ടുമെന്ന മുൻ എംഡി അജിത് കുമാറിന്റെയും ജ്യോതിലാൽ ഐഎഎസിന്റെയും കത്താണ് പുറത്തായത്. 925 കോടിയാണ് കമ്പനിയിൽ സ്വകാര്യ നിക്ഷേപം. എന്നാൽ പൊതുമേഖലാ സ്ഥാപനത്തിന്റെ കൈയ്യിലുള്ളത് വെറും 353 കോടി രൂപ മാത്രമാണ്. കെ എസ്  ആർ ടി സി നൽകാമെന്നറിയിച്ച 356.65 കോടി രൂപ കൂടി വാങ്ങി ബാധ്യതകൾ തീർക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

വലിയ പലിശ നൽകാമെന്ന വാഗ്ദാനത്തിലാണ് കെടിഡിഎഫ്സി നിക്ഷേപം സ്വീകരിച്ചത്. കെഎസ്ആർടിസിയുടെ ഏറ്റവും വലിയ ധന ദാതാവാണ് കെടിഡിഎഫ്സി. നാല് ഷോപ്പിങ് കോംപ്ലക്സ് നിർമ്മിച്ചിട്ടുണ്ട്. ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് വിന്യസിച്ച് പ്രവർത്തനം അവസാനിപ്പിക്കാനാണ് നീക്കം. കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുമ്പോൾ ഈ സ്ഥാപനം പൂർണമായും അടയ്ക്കാനാണ് നീക്കം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.