ഭുവനേശ്വർ എയിംസിലെ ഡോക്ടർ ബിഷ്ണു പ്രസാദ് ചിന്നാരയും, ഭുവനേശ്വർ ഹൈടെക് ആശുപത്രിയിലെ നഴ്സ് പ്രിയദർശിനി പോളും, സുഹൃത്തുക്കളായ ഡോക്ടർ സ്വധീൻ പാണ്ടയും, ഭാര്യ ശ്രീകൃതി മോഹ പത്രയും രണ്ട് ദമ്പതികളും മധുവിധു ആഘോഷിക്കാൻ ഉരുൾ പൊട്ടലിന് മൂന്ന് ദിവസം മുൻപാണ് വെള്ളാർമലയിലെ ലിനോറ വില്ലയിൽ എത്തിയത്.
കൽപ്പറ്റ: ഉരുളെടുത്ത വയനാട്ടിലെ ചൂരൽമലയിൽ നിന്ന് ഒഡീഷയിലേക്ക് ഒറ്റയ്ക്ക് മടങ്ങി പ്രിയദർശിനി. മധുവിധുവിനായി ചൂരൽമലയിലെത്തിയ ദമ്പതികളിൽ പ്രിയദർശിനിയും, സുഹൃത്തിന്റെ ഭാര്യ ശ്രീകൃതിയും മാത്രമാണ് രക്ഷപ്പെട്ടത്. ഭുവനേശ്വർ എയിംസിലെ ഡോക്ടർ ബിഷ്ണു പ്രസാദ് ചിന്നാര, ഭുവനേശ്വർ ഹൈടെക് ആശുപത്രിയിലെ നഴ്സ് പ്രിയദർശിനി പോൾ, സുഹൃത്തുക്കളായ ഡോക്ടർ സ്വധീൻ പാണ്ട, ഭാര്യ ശ്രീകൃതി മോഹ പത്ര എന്നിവരാണ് മധുവിധു ആഘോഷത്തിനായി ചൂരൽമലയിലെത്തിയത്.
ഇവർ നാലുപേരും ഉരുൾ പൊട്ടലിന് മൂന്ന് ദിവസം മുൻപാണ് രണ്ടു ദിവസത്തെ താമസത്തിനായി വെള്ളാർമലയിലെ ലിനോറ വില്ലയിൽ എത്തുന്നത്. എന്നാൽ ഇവിടെ ഒരു ദിവസം കൂടി താമസിക്കാമെന്ന് ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. വെള്ളരിമലയിൽ ഉരുൾ ഉരുണ്ടുകൂടിയ രാത്രിയിൽ പാട്ടും ആഘോഷവുമെല്ലാം കഴിഞ്ഞു ഏറെ വൈകിയാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. വൻ ശബ്ദം കേട്ട് ഉണർന്നപ്പോൾ റിസോർട്ട് മണ്ണിനടിയിലായിരുന്നുവെന്ന് പ്രിയദർശിനി പറയുന്നു.
ഉരുൾപൊട്ടലുണ്ടായ അന്ന് രാത്രി പ്രിയദർശിനിയേയും ശ്രീകൃതിയേയും മേപ്പാടിയിലെ പൊലീസുകാരൻ ജബലു റഹ്മാനും സുഹൃത്തും ചേർന്ന് അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. കഴുത്തൊപ്പം ഉയർന്ന ചെളിയിൽ 200 മീറ്ററോളം ഒഴുകി സ്കൂൾ പരിസരത്ത് തടഞ്ഞു നിന്ന പ്രിയദർശിനിയുടെയും ശ്രീകൃതിയുടെയും അലർച്ച കേട്ടാണ് ജബലു റഹ്മാനും സുഹൃത്തും എത്തിയത്. കരയ്ക്ക് കയറ്റിയ ഉടൻ രണ്ടുപേർ കൂടെ ഒപ്പം ഉണ്ടെന്ന് പ്രിയദർശിനി പറഞ്ഞു. അവരെ തിരയാനായി നടന്നു തുടങ്ങിയപ്പോഴാണ് ഭൂമി കുലുക്കം കണക്കെ അടുത്ത ഉരുൾ പൊട്ടുന്നതും അപകടത്തിൻ്റെ ആഘാതം കൂടുന്നതും. ഈ ഉരുൾപൊട്ടലിലാണ് രണ്ടാളും മരണത്തിന് കീഴടങ്ങുന്നത്.
ഉരുളിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന പ്രിയദർശിനിയ്ക്ക് ഉമ്മയുടെ ചികിത്സക്കെത്തിയ സാനിയയായിരുന്നു കൂട്ട്. തെരച്ചിലിനൊടുവിൽ ഭർത്താവ് ബിഷ്ണു പ്രസാദ് ചിന്നാരയെ ചൂരൽ മലയിൽ നിന്ന് കിട്ടിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയെങ്കിലും പ്രിയദർശിനി ചികിത്സയിലായിരുന്നു. ഡോക്ടർ സ്വാധീൻ പാണ്ടയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് വേദനിപ്പിക്കുന്ന മറ്റൊരു കാര്യം. സ്വാധീൻ പാണ്ടയുടെ ഭാര്യ ശ്രീകൃതി ഗുരുതര പരിക്കുകളോടെ നിലവിൽ ചികിത്സയിൽ തുടരുകയാണ്.

https://www.youtube.com/watch?v=Ko18SgceYX8
