സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയാകാൻ ജനവികാരം പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പമാണെന്ന് മുൻ കേന്ദ്രമന്ത്രി കെവി തോമസ്. ഇത് അവഗണിച്ച് മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എൽഡിഎഫിന്റെ തോൽവി രാഷ്ട്രീയമാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകണമെന്നതിൽ അഭിപ്രായ പ്രകടനവുമായി കോൺഗ്രസ് വിട്ട് ഇടത് സഹയാത്രികനായി മാറിയ മുൻ കേന്ദ്രമന്ത്രി പ്രൊഫ കെവി തോമസ്. സംസ്ഥാനത്തെ ജനവികാരം വിഡി സതീശനൊപ്പമാണെന്നും അത് കണക്കിലെടുക്കാതെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എൽഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വലിയ തോൽവി രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ തോൽവികൾ സംഭവിക്കാം. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും. സർക്കാർ മാറിയതോടെ ദില്ലിയിലെ സ്ഥാനത്തു നിന്ന് താനും മാറി. അങ്ങനെ ഒരു പോസ്റ്റ് അനാവശ്യമാണോ എന്ന് പുതിയ സർക്കാർ തീരുമാനിക്കട്ടെ. എല്ലാ സംസ്ഥാനങ്ങൾക്കും ദില്ലിയിൽ ഒരു പൊളിറ്റിക്കൽ പോസ്റ്റ് ഇണ്ട്. അത് രാജ്യതലസ്ഥാനമെന്ന നിലയിൽ ദില്ലിയുടെ പ്രാധാന്യം കൂടി മുൻ നിർത്തിയാണെന്നും അദ്ദേഹം ന്യായീകരിച്ചു.


