Asianet News MalayalamAsianet News Malayalam

'മൗനം ഭജിക്കുന്നു, ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം'; പിഎഫ്ഐ നിരോധനത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്

'താന്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഇരയാണ് വിഷയത്തില്‍ തനിക്ക് വൈയക്തിക ഭാവം കൂടിയുണ്ടായതുകൊണ്ടാണ് പ്രതികരിക്കാത്തത്. പൗരനെന്ന നിലയില്‍ അഭിപ്രായമുണ്ട്'.

Prof. TJ Joseph reply on PFI Ban
Author
First Published Sep 28, 2022, 12:09 PM IST

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗനം ഭജിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആക്രമണത്തിന് ഇരയാവരില്‍ പലരും ജീവിച്ചിരിപ്പില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്ട്രീയ തീരുമാനമാണ്. ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ടവര്‍ ആദ്യം പ്രതികരിക്കട്ടെ. തന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഇരയാണ് വിഷയത്തില്‍ തനിക്ക് വൈയക്തിക ഭാവം കൂടിയുണ്ടായതുകൊണ്ടാണ് പ്രതികരിക്കാത്തത്. പൗരനെന്ന നിലയില്‍ അഭിപ്രായമുണ്ട്.  അങ്ങനെയെങ്കില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇരയായതുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രവാചക നിന്ദ ആരോപിച്ച് 2010ലാണ് ടി.ജെ. ജോസഫിന്‍റെ കൊപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ജോസഫ് അറ്റുപോകാത്ത ഓര്‍മകള്‍ എന്ന പുസ്തകമെഴുതിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിരോധിച്ച് ഉത്തരവിറക്കി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയത്.  ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. 

രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്. 

Follow Us:
Download App:
  • android
  • ios