Asianet News MalayalamAsianet News Malayalam

മരടിൽ നിരാഹാരസമരം, ചർച്ചയ്ക്ക് സർക്കാർ, ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ ഉടൻ നിറയ്ക്കും

ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്ന ദിവസം പ്രതിഷേധസൂചകമായി ഹർത്താൽ നടത്തുമെന്ന് നെട്ടൂരിലെ വ്യാപാരികൾ. ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റ് പൊളിക്കൽ. 

protests at maradu flats demolition site government to hold talks with residents
Author
Maradu, First Published Jan 2, 2020, 6:12 AM IST

കൊച്ചി: മരടില്‍ നിരാഹാരം തുടരുന്ന സമരക്കാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഇന്ന് ചർച്ച നടത്തും. പ്രതിഷേധങ്ങളുടെ ഇടയിലും ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ജില്ലാ ഭരണകൂടം. ഫ്ലാറ്റ് പൊളിക്കാൻ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി. ജനുവരി 11, 12 തീയതികളിലായാണ് മരടിൽ ഒരു ഇരട്ട ഫ്ലാറ്റ് സമുച്ചയമടക്കം അഞ്ച് ഫ്ലാറ്റ് കെട്ടിടങ്ങൾ പൊളിക്കുന്നത്.

നെട്ടൂരിലെ ആല്‍ഫാ സെറീൻ ഫ്ലാറ്റിന് സമീപം ഇന്നലെയാണ് നാട്ടുകാർ നിരാഹാരസമരം തുടങ്ങിയത്. സമരം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി എ സി മൊയ്തീൻ പ്രതിഷേധക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചത്. വൈകിട്ട് അഞ്ചര മണിക്ക് തിരുവനന്തപുരത്താണ് യോഗം. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, പൊളിക്കല്‍ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹില്‍ കുമാർ, പരിസ്ഥിതി വകുപ്പ് ഡയറക്ടർ, മരട് നഗരസഭാ അധ്യക്ഷ എന്നിവർക്കൊപ്പം സമരസമിതിയിലെ രണ്ടുപേരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള തയാറെടുപ്പുകളുമായി മുന്നോട്ട് പോവുകയാണ് ജില്ലാ ഭരണകൂടം. ഇതിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലകള്‍ അതാത് വകുപ്പുകളെ അറിയിച്ചതായി കളക്ടർ എസ് സുഹാസ് പറഞ്ഞു.

ഫ്ലാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ദിവസം ഹർത്താല്‍ ആചരിക്കാൻ നെട്ടൂരിലെ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. പൊളിക്കല്‍ നടപടികള്‍ സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണറുമായും നിരന്തരം ചർച്ചകള്‍ നടത്തി വരുന്നതായി കളക്ടർ അറിയിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആറ് മണിക്കൂർ നീളുമെന്നാണ് കണക്കുകൂട്ടല്‍. പിഴവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ട്രയല്‍ റണ്ണും നടത്തും.

Read more at: 'എത്ര നാൾ വീട് വിട്ട് നിൽക്കണം?', മരടിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതിൽ അവ്യക്തത

ഇതിനിടെ, മരടിലെ ആല്‍ഫാ സെറീൻ ഇരട്ടസമുച്ചയങ്ങളില്‍ സ്ഫോടനം നടത്താൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷൻ സാങ്കേതിക അനുമതി നല്‍കി. ഇരുപത്തിയഞ്ചിലേറെ സുരക്ഷാ മാനദണ്ഡങ്ങള്‍ മുൻനിര്‍ത്തിയാണ് അനുമതി. സ്ഫോടക വസ്തുക്കള്‍ ഫ്ലാറ്റില്‍ എത്തിക്കാൻ ജില്ലാ കളക്ടറും അനുമതി നല്‍കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ മറ്റന്നാള്‍ എത്തിക്കും. നിലവില്‍ സ്ഫോടകവസ്തുക്കൾ അങ്കമാലിയിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ മാസം 11ന് വിജയ് സ്റ്റീല്‍സാണ് സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കുക.

Read more at: മരടിലേത് മനുഷ്യാവകാശ ലംഘനം; പ്രദേശവാസികളോട് സർക്കാര്‍ അവഗണനയെന്ന് കെ ബാബു

Follow Us:
Download App:
  • android
  • ios