Asianet News MalayalamAsianet News Malayalam

സ്റ്റാഫ് റൂം തല്ലിപ്പൊളിച്ച് നാട്ടുകാർ, പാമ്പ് കടിച്ച് കുട്ടി മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം

കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിയ അധ്യാപകനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. അധ്യാപകർ അകത്ത് നിന്ന് വാതിൽ പൂട്ടി ഇരുന്നപ്പോഴാണ് സ്റ്റാഫ് റൂമിന്‍റെ പൂട്ട് ചിലർ തല്ലിപ്പൊളിച്ചത്. 

protests in wayanad school after student dead by snake bite
Author
Wayanad, First Published Nov 21, 2019, 2:08 PM IST

വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകർക്ക് നേരെ ഒരു സംഘം നാട്ടുകാർ കയ്യേറ്റത്തിന് ശ്രമിച്ചു. സ്റ്റാഫ് റൂമിന്‍റെ വാതിൽപൂട്ട് കല്ലുകൊണ്ട് തല്ലിത്തകർത്ത ഒരു സംഘം നാട്ടുകാരാണ് അകത്ത് കയറിയത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ അനാസ്ഥ കാണിച്ച അധ്യാപകൻ മുറിയ്ക്ക് അകത്തുണ്ടെന്ന് പറഞ്ഞായിരുന്നു നാട്ടുകാർ പൂട്ട് തകർത്ത് അകത്ത് കയറിയത്. ഈ അധ്യാപകൻ പിൻവാതിൽ വഴി ഓടിയെന്ന് നാട്ടുകാർ പറഞ്ഞു. 

Read more at: സ്കൂളിൽ പാമ്പ് കടിച്ച് കുട്ടി മരിച്ച സംഭവം: ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ

പൊലീസ് മാറി നിന്ന അൽപസമയത്തിനിടെയാണ് നാട്ടുകാർ അധ്യാപകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സ്റ്റാഫ് റൂമിനുള്ളിൽ പ്രധാനാധ്യാപകനും മറ്റ് മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. അനാസ്ഥ കാണിച്ചെന്ന് ആരോപണമുയർന്ന അധ്യാപകൻ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നില്ല. പ്രധാനാധ്യാപകനു നേരെ ആക്രോശങ്ങളുമായി പാഞ്ഞടുത്ത നാട്ടുകാർ ഏറെ നേരം സംഘർഷസ്ഥിതിയുണ്ടാക്കി. പിന്നീട് പൊലീസെത്തിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്.

ഇതിനിടെ, സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ. യുപി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം തോണിക്കരയാണ് നടപടി പ്രഖ്യാപിച്ചത്. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകാനും തീരുമാനമായിട്ടുണ്ട്.

Read more at: 'പാമ്പ് കൊത്തിയതാ ടീച്ചറേന്ന് പറഞ്ഞു, ഒന്നും ചെയ്തില്ല', ഗുരുതര അനാസ്ഥ തുറന്ന് പറഞ്ഞ് കുട്ടികൾ

പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. കാലിൽ രണ്ട് കുത്ത് കണ്ടപ്പോൾത്തന്നെ പാമ്പു കടിച്ചതാണെന്ന് താൻ ടീച്ചറോട് പറഞ്ഞതാണെന്ന് ഷഹ്‍ലയുടെ സഹപാഠി വ്യക്തമാക്കിയിരുന്നു. എന്നിട്ടും കുട്ടിയെ ഉടൻ ആശുപത്രിയിൽ കൊണ്ടുപോയില്ല. കുട്ടിയുടെ അച്ഛൻ വന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോകും എന്നാണ് അധ്യാപകൻ കുട്ടികളോട് പറഞ്ഞത്. കുട്ടി തളർന്ന് കിടക്കുമ്പോഴും മാഷ് ക്ലാസെടുക്കുകയായിരുന്നുവെന്ന് ഷഹലയുടെ സഹപാഠിയായ കുട്ടി പറയുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ കുട്ടിയുടെ കാലിൽ നീല നിറം പടർന്നു. കുട്ടി തളർന്ന് വീണു. അപ്പോഴാണ് കുട്ടിയുടെ അച്ഛൻ വന്നത്. തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. അപ്പോൾത്തന്നെ കുട്ടി തളർന്നിരുന്നു. എന്നാലവിടെ പീഡിയാട്രിക് വെന്‍റിലേറ്ററടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. അവിടെ നിന്ന് വൈത്തിരി താലൂക്കാശുപത്രിയിലേക്ക് കുട്ടിയെ റഫർ ചെയ്തു. അവിടെ എത്തിച്ച ശേഷം കുട്ടി ഛർദ്ദിച്ചു, തീരെ അവശയാകുകയും ചെയ്തു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷെഹ്‍ല ഷെറിൻ മരിച്ചത്. 

ഇത് നേരിട്ട് പരിശോധിക്കാനും കുട്ടികളോട് സംസാരിക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടതിനെത്തുടർന്നാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തിയത്. പ്രാഥമികാന്വേഷണത്തിന് ശേഷം അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി. അതിനാലാണ് വകുപ്പുതല നടപടിയുടെ ഭാഗമായി അധ്യാപകനെ സസ്പെൻഡ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios