കോഴിക്കോട്: കുറ്റ്യാടിയിൽ പ്രകടനത്തിനിടെ വിദ്വേഷം നിഞ്ഞ പ്രകോപന മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കെതിരെ കേസ്. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റ്യാടി പൊലീസ് കേസെടുത്തിരിക്കുന്നത്.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി  പ്രവ‍ര്‍ത്തകര‍് പ്രകടനം നടത്തിയത്. 

'ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്" എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ബിജെപി അറിയിച്ചിരുന്നു. എന്നാല്‍ പിന്നാലെ നടപടി വേണ്ടെന്നും വികാരത്തള്ളിച്ച മൂലമുള്ള പ്രകടനമാണ് പ്രവര്‍ത്തകര്‍ നടത്തിയതെന്നും എംടി രമേശ് പ്രതികരിച്ചു. എന്നാല്‍ അവര്‍ വിളിച്ച മുദ്രാവാക്യത്തോട് ബിജെപിക്ക് യോജിപ്പില്ലെന്നും എംടി രമേശ് പറ‍ഞ്ഞു.