Asianet News MalayalamAsianet News Malayalam

പിൻവാതിൽ നിയമനങ്ങൾക്കെതിരെ ഇന്നും പ്രതിഷേധം, എല്ലാം ഐശ്വര്യമെന്ന് മന്ത്രി എം എം മണി

സെക്രട്ടേറിയേറ്റിന്‍റെ മതിൽ ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദൃശ്യങ്ങൾ.. 

psc appointments controversy mm mani responds
Author
Thiruvananthapuram, First Published Feb 12, 2021, 2:54 PM IST

തിരുവനന്തപുരം: പിൻവാതിൽ നിയമങ്ങള്‍ക്കെതിരെ ഇന്നും സംസ്ഥാനവ്യാപകമായി കെഎസ്‍യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. കെഎസ്‍യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ ഇന്നും സംഘർഷമുണ്ടായി. സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെ നേതൃത്വത്തിൽ നടന്ന മാർച്ച് സെക്രട്ടറിയേറ്റ് ഗേറ്റിലെ ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. 

സെക്രട്ടേറിയേറ്റിന്‍റെ മതിൽ ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സംഘടിച്ചെത്തിയ പ്രവർത്തകരും പൊലീസുമായി ഏറെ നേരം വാക്കു തർക്കവും സംഘർഷവുമുണ്ടായി. ഇതിനിടെ ഒരു പ്രാവശ്യം ഷെൽ പ്രയോഗിച്ചു. പിന്നീട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. 

അതേസമയം, പിൻവാതിൽ നിയമനങ്ങൾക്കെതിരെ കാസർകോട് യുവമോർച്ചയും പ്രതിഷേധം നടത്തി. കാസർകോട്ടെ പിഎസ്‍സി ജില്ലാ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിഎസ്‍സി ഓഫിസിന് ഏതാനും മീറ്ററുകൾക്ക് മുൻപിൽ വച്ച് മാർച്ച്‌ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട്  പ്രവർത്തകർ മുന്നോട്ട് നീങ്ങിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്.

അനധികൃത പിൻവാതിൽ നിയമനങ്ങൾ ആരോപിച്ചു തൃശൂർ മണ്ണുത്തിയിലെ കാർഷിക സർവകലാശാലയിൽ കെഎസ്‌യു പ്രവർത്തകരും പ്രതിഷേധിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രവർത്തകർ ഇവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. എംഎൽഎ കെ രാജനും കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറും ചേർന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയിട്ടാണ് സ്ഥിര നിയമനങ്ങൾ നല്കുന്നത് എന്നു ആരോപിച്ചാണ് കെഎസ്‍യു പ്രതിഷേധിച്ചത്. 

അതേസമയം, പ്രതിഷേധങ്ങളൊക്കെ ഈ സർക്കാരിന്‍റെ ഐശ്വര്യമാണെന്ന് മന്ത്രി എം എം മണി പറയുന്നു. ''പത്തോ പന്ത്രണ്ടോ പതിനഞ്ചോ വർഷമായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയത് ഒരു പാപമാണെന്നൊന്നും ഞങ്ങള് കരുതുന്നില്ല. അത് മനുഷ്യത്വമാണെന്നാണ് ഞങ്ങള് കരുതുന്നത്. എല്ലാം ചുമ്മാ ബഡായിയടിയല്ലേ, വല്ല കാര്യോമൊണ്ടോ? പ്രക്ഷോഭങ്ങളും സമരങ്ങളുമില്ലെങ്കിൽ പിന്നെ എന്താ ഒരു ഐശ്വര്യം? ഇത് ഞങ്ങടെ ഐശ്വര്യമാണ്. അതൊന്നും വല്യ പ്രശ്നമല്ല. സമരങ്ങളൊക്കെ നടക്കട്ടെ'', എന്ന് എം എം മണി.

അതേസമയം, ആളുകളെ സ്ഥിരപ്പെടുത്തിയതിലും പിൻവാതിൽ നിയമനങ്ങളിലും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഐശ്വര്യകേരളയാത്രയ്ക്കിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. 

നിയമന വിവാദം ഏറ്റുപിടിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സംസ്ഥാന സിപിഎം ശിൽപശാലയിൽ മന്ത്രിമാരോട് അടക്കം നിർദേശം നൽകിയതാണ്.  വിവാദങ്ങൾ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ടുള്ള യുഡിഎഫ് നീക്കമാണെന്നും വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കണമെന്നും പിണറായി സിപിഎം ശിൽപശാലയിൽ വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സംസ്ഥാനവ്യാപകമായ സമരങ്ങൾ തുടരുന്നതിനിടെയായിരുന്നു പിണറായിയുടെ നിർദേശം. 

Follow Us:
Download App:
  • android
  • ios