സ്വത്തു തർക്കത്തെ തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ലേഖ മേരി അറസ്റ്റിലായത്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാർ പാഞ്ഞടുക്കുകയായിരുന്നു.
കൊല്ലം: കുണ്ടറയിൽ ഭര്ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷ പ്രകടനം. വെള്ളിമൺ സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ ലേഖ മേരിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. പ്രതിക്ക് നേരെ നാട്ടുകാർ അസഭ്യ വര്ഷവും നടത്തി. സ്വത്തു തർക്കത്തെ തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ലേഖ മേരി അറസ്റ്റിലായത്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാർ പാഞ്ഞടുക്കുകയായിരുന്നു.
ഒക്ടോബർ രണ്ടിനാണ് വെള്ളിമൺ സ്വദേശിയായ രാജുവിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നാട്ടുകാരും ഭാര്യ ലേഖ മേരിയും ചേർന്ന് ആശുപത്രിയിൽ ഏത്തിച്ചെങ്കിലും മരിച്ചു. കഴുത്തിലെ പാടുകൾ കണ്ട് തോന്നിയ സംശയാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു. ഇതോടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ലേഖ മേരി സമ്മതിച്ചത്.
റിമാൻഡിലായിരുന്ന പ്രതിയെ തെളിവെടുപ്പിനായാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. നാട്ടുകാരുടെ രോഷ പ്രകടനങ്ങൾക്ക് ഇടയിൽ തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി.
