പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്. കോന്നി കൊല്ലൻപടിയിലായിരുന്നു അപകടം. പുനലൂർ ഭാഗത്തേക്ക് പോയ ആമിന ഓടിച്ച കാർ പത്തനംതിട്ട ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസിൽ ഇടിയ്ക്കുകയായിരുന്നു. ആമിനയെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആയിരുന്നു മരിച്ച ആമിന ബീവി.



