വയനാട്: കനത്ത മഴയെത്തുടർന്ന് മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ രാവിലെ പുനരാരംഭിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട പ്രദേശത്തുണ്ടായിരുന്ന അമ്പതിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ഒമ്പത് മൃതദേഹങ്ങളാണ് പുത്തുമല ദുരന്തഭൂമിയിൽ നിന്ന് കണ്ടെത്തിയത്.

കൂടുതൽ വായിക്കാം; 24 മണിക്കൂര്‍ മണ്ണിനടിയിൽ; പുത്തുമലയിലെ അവശിഷ്ടങ്ങളിൽ ജീവനോടെ ഒരാളെ കണ്ടെത്തി

അതിനിടയിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവന്‍റെ തുടിപ്പുമായി ഒരാളെ പുത്തുമലയിൽ നിന്ന് കണ്ടെത്തിയിരുന്നു. 24 മണിക്കൂര്‍ മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയിൽ നിന്ന് വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.   വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ കാണാൻ കഴിയുന്നത്. 

കൂടുതൽ വായിക്കാം; ഞൊടിയിടകൊണ്ട് മണ്ണിലേക്ക് മറഞ്ഞ ഒരുപാട് ജീവനുകള്‍, ജീവിതങ്ങള്‍; നൊമ്പരമായ് പുത്തുമല

മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടികൾ എട്ട് കുടുംബങ്ങൾ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്സുകൾ, ഇരുപതോളം വീടുകൾ, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുൾപൊട്ടലിൽപ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകർന്നതോടെ മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.

അതേസമയം, പുത്തുമലയിലെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു.  ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം  എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

കൂടുതൽ വായിക്കാം; പുത്തുമല ഉരുള്‍പ്പൊട്ടല്‍; രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമാകുന്നെന്ന് എ കെ ശശീന്ദ്രന്‍