ഉമ്മൻചാണ്ടിയെന്ന വൈകാരികതയുണ്ട്, ഉപതെരഞ്ഞെടുപ്പ് സാഹചര്യവുമാണ്, എങ്കിലും പുതുപ്പള്ളി അങ്ങനെ എഴുതിത്തള്ളാവുന്ന മണ്ഡലമാണെന്ന് സിപിഎം കരുതുന്നില്ല.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെന്ന വൈകാരികതക്ക് അപ്പുറം ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാനൊരുങ്ങി സിപിഎം. 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ വാസവനെ ഏൽപ്പിച്ചു. അതേസമയം, മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയില്‍ പരിഗണനയിലുള്ളത്. എൻ ഹരിയടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിലുള്ളത്. ജോർജ് കുര്യൻ, ലിജിൻ ലാൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

ഉമ്മൻചാണ്ടിയെന്ന വൈകാരികതയുണ്ട്, ഉപതെരഞ്ഞെടുപ്പ് സാഹചര്യവുമാണ്, എങ്കിലും പുതുപ്പള്ളി അങ്ങനെ എഴുതിത്തള്ളാവുന്ന മണ്ഡലമാണെന്ന് സിപിഎം കരുതുന്നില്ല. പാര്‍ട്ടി സംഘടനാ സംവിധാനവും സര്‍ക്കാര്‍ മെഷിനറിയും പൂര്‍ണ്ണമായും ഇനി പുതുപ്പള്ളി കേന്ദ്രീകരിക്കുകയാണ്. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസ് ആദ്യ പരിഗണനകളിൽ തന്നെയുണ്ട്, മുൻപ് പുതുപ്പള്ളിയിൽ മത്സരിച്ച റജി സഖറിയയുടെ പേരുണ്ട്. ആലോചനകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ പേരിലേക്ക് കാര്യങ്ങളിതുവരെ എത്തിയിട്ടില്ല. പതിനൊന്ന് മുതൽ നാല് ദിവസം സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. 

Also Read: പുതുപ്പള്ളിയിൽ പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മന്‍; പാര്‍ട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് ആദ്യ പ്രതികരണം

സിപിഎം ബൂത്ത് തലം മുതൽ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതി അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. വ്യക്തി പ്രഭാവത്തിന് അപ്പുറം പുതുപ്പള്ളിയിൽ കുറഞ്ഞ് കുറഞ്ഞ് വന്ന ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം. എട്ട് പഞ്ചായത്തുകളിൽ ആറിലും ഇടത് ഭരണം. സഭാസമ്മേളനം കൂടി വെട്ടിച്ചുരുക്കിയാൽ പിന്നെ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും എല്ലാം പുതുപ്പള്ളിയിലേക്ക് കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Malayalam News Live