പതിനൊന്ന് മാസത്തെ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച ആർ നിശാന്തിനിക്ക് ഇൻ്റലിജൻസിൻ്റെയും ആഭ്യന്തര സുരക്ഷയുടെയും ചുമതല
തിരുവനന്തപുരം: നീണ്ട പതിനൊന്ന് മാസത്തെ അവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ഡിഐജി ആർ നിശാന്തിനിക്ക് ഉയർന്ന പദവി നൽകി സംസ്ഥാന സർക്കാർ. രഹസ്യാന്വേഷണ വിഭാഗത്തിൽ ഡിഐജിയായും ഐജി സ്ഥാനത്തിന് തുല്യമായ നിലയിൽ ആഭ്യന്തര സുരക്ഷയുടെ ചുമതലയുമാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ അവധിയിലായിരുന്നു നിശാന്തിനി. ആദ്യത്തെ ആറ് മാസം ശിശു പരിചരണ ലീവിലായിരുന്നു. പിന്നീടുള്ള ആറ് മാസം ഏൺഡ് ലീവിലുമായിരുന്നു. അവധി തീരാൻ 27 ദിവസം ബാക്കി നിൽക്കെയാണ് അവർ സർവീസിൽ തിരികെ പ്രവേശിച്ചത്. ഈ മാസം നാലിന് പൊലീസ് ആസ്ഥാനത്തെത്തി ജോലിയിൽ പ്രവേശിച്ച നിശാന്തിനിക്ക് ചുമതലകൾ നൽകാൻ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അവധി തീരും മുൻപ് ജോലിയിൽ പ്രവേശിച്ചത് സന്തോഷമുള്ള കാര്യമാണെന്ന് വ്യക്തമാക്കിയ സർക്കാർ, അവർക്ക് ഇൻ്റലിജൻസിൻ്റെയും ആഭ്യന്തര സുരക്ഷയുടെയും ചുമതല നൽകിയതായി ഉത്തരവിറക്കി.

