കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ നിന്ന് മോചിതനായി. നടപടിക്രമങ്ങളിൽ പോലീസിനും കളക്ടർക്കും സംഭവിച്ച ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വിട്ടയച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി.
തൃശൂർ: കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ എത്തിയിരുന്നു.
ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു. ഒരു പൊലീസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണിതെന്നും ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും സുഗതൻ വ്യക്തമാക്കി. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിൽവാസത്തിന് തയ്യാറാണെന്നും തന്നോടൊപ്പം നിന്ന വീട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദിയുണ്ടെന്നും സുഗതൻ അറിയിച്ചു. സിപിഎമ്മാണ് എന്നെ ഗുണ്ടയാക്കിയതെന്നും സുഗതൻ ആരോപിച്ചു.
സുഗതനെതിരെയുള്ളത് കള്ളക്കേസാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം രജിസ്റ്റർ ചെയ്ത കേസിൽ കോൺഗ്രസും ഒപ്പം നിന്നു. ജനാധിപത്യം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി ഇതൊന്നും കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസെടുക്കുന്നു. എന്നാൽ, എന്തുകൊണ്ട് മന്ത്രിയായിരുന്ന മുനീറിനെതിരെ കേസില്ലെന്നും സിപിഎമ്മിന്റെ മന്ത്രിക്കെതിരെയും കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
