തനിക്കെതിരായ വ്യാജ പരാതിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയെന്ന് രാഹുൽ ഈശ്വർ. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെന്നും പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരായ പോരാട്ടമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത നൽകിയ വ്യാജ പരാതിക്കെതിരെയുള്ള തന്‍റെ പരാതി ഡിജിപി സ്വീകരിച്ചുവെന്ന് രാഹുൽ ഈശ്വർ. ഹൈക്കോടതിയിലെക്ക് നീങ്ങുകയാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വ്യാജ പരാതി പ്രളയം നമ്മുടെ നാട്ടിലുണ്ട്. പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കുന്ന ഒരു പാട് പേരുണ്ട്. അവർക്കു കൂടി വേണ്ടിയാണ് ഈ പോരാട്ടം. ഹൈക്കോടതിയിലേക്ക് മുൻകൂർ ജാമ്യം കൂടി തേടി മൂവ് ചെയ്തിട്ടുണ്ട്. ഒരു വ്യാജ പരാതിയിന്മേൽ 16 ദിവസം കിടന്ന വ്യക്തിയാണ് താനെന്നും ഇനി ഒരു പുരുഷനെയും കള്ള കേസിൽ കിടത്തി ജയിലിൽ ഇടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും രാഹുൽ ഈശ്വറിന്റെ പ്രതികരണം.
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വ്യാജ പരാതിക്കെതിരെ Police DGP എന്റെ പരാതി സ്വീകരിച്ചു, ഹൈകോടതിയിലേക്ക് നീങ്ങുന്നു #RahulEaswar
വ്യാജ പരാതി പ്രളയം നമ്മുടെ നാട്ടിലുണ്ട്. പുരുഷന്മാരെ കള്ള കേസിൽ കുടുക്കുന്ന ഒരു പാട് പേര് ഉണ്ട്. അവർക്കു കൂടി വേണ്ടിയാണ് ഈ പോരാട്ടം. ഹൈകോടതിയിലേക്കു മുൻകൂർ ജാമ്യം കൂടി തേടി move ചെയ്തിട്ടുണ്ട്. 16 ദിവസം ജയിലിൽ, ഒരു വ്യാജ പരാതിയിൽ കിടന്ന വ്യക്തിയാണ് ഞാൻ. ഇനി ഒരു പുരുഷനെയും കള്ള കേസിൽ കിടത്തി ജയിലിൽ ഇടാനുള്ള സാഹചര്യം ഉണ്ടാകരുത്.- രാഹുൽ ഈശ്വർ
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമാനമായ കേസിൽ റിമാൻഡിലായിരുന്നു രാഹുൽ ഈശ്വർ. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ വീഡിയോ പങ്കുവെച്ചെന്നാണ് പുതിയ പരാതി. എന്നാൽ, ആദ്യ കേസിന്‍റെ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. തന്‍റെ യൂട്യൂബ് ചാനൽ വഴി താൻ പറയുന്ന കാര്യങ്ങൾ തന്‍റെ വീക്ഷണമാണ് പങ്ക് വെയ്ക്കുന്നതെന്നും പരാതിക്കാരിയെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അല്ല ചെയ്യുന്നതെന്നും രാഹുൽ ഈശ്വർ പറയുന്നു. രാഹുൽ ഈശ്വറിനെതിരെ സംസ്ഥാന സർക്കാരിന്‍റെ നിലപാട് ഇന്ന് കോടതി തേടും.


