റായ് ബറേലിയിൽ രാഹുൽ ജയിച്ചാൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. മൂന്നാം സീറ്റ് എന്ന ആവശ്യം ലീഗ് വീണ്ടും ഉന്നയിച്ചേക്കും.
കോഴിക്കോട്: റായ് ബറേലിയിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് രൂക്ഷമായാണ് എതിരാളികൾ പ്രതികരിച്ചത്. വയനാട്ടിലെ വോട്ടർമാരെ വഞ്ചിക്കുകയാണ് രാഹുൽ ചെയ്തതെന്ന് ബിജെപി പ്രതികരിച്ചപ്പോൾ ഇന്ത്യാ സഖ്യത്തിന് ദോഷം ചെയ്യുന്നതാണ് ഈ തീരുമാനമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ കുറ്റപ്പെടുത്തി.
റായ് ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം കേരളത്തിൽ യുഡിഎഫ് അണികൾക്കിടയിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതേക്കുറിച്ച് പ്രചാരണ ഘട്ടത്തിൽ തന്നെ സൂചന ഉണ്ടായിരുന്നു എങ്കിലും നേതൃത്വം നിഷേധിച്ചിരുന്നു. പുതിയ തീരുമാനത്തോട് കോണ്‍ഗ്രസ് നേതൃത്വം കരുതലോടെ പ്രതികരിക്കുമ്പോള്‍ ഇന്ത്യാസഖ്യം ശക്തിപ്പെടുത്താനുള്ള നീക്കം എന്നാണ് ലീഗ് വിശേഷിപ്പിക്കുന്നത്.
റായ്ബറേലിയിൽ മൽസരിക്കാൻ തീരുമാനിച്ചതോടെ രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം രാഹുൽ ഗാന്ധി ആവർത്തിച്ചു. അമേഠിയിൽ മത്സരിക്കാതെ റായ് ബറേലിയിൽ മൽസരിക്കുന്നത് ഭീരുത്വമാണ്. വയനാട്ടിൽ കോൺഗ്രസുകാരെക്കാൾ പണിയെടുത്ത ലീഗുകാർക്ക് പണി കിട്ടിയെന്നും സുരേന്ദ്രൻ ഉള്യേരിയിൽ പറഞ്ഞു.
രാഹുൽ മത്സരിക്കുന്നത് നേരത്തെ പുറത്തു വന്നിരുന്നെങ്കിൽ കേരളത്തിലെ യുഡിഎഫിന്റെ സാധ്യതയെ കാര്യമായി ബാധിച്ചേനെ. രാഹുൽ രണ്ടിടത്തും ജയിച്ചാൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. മൂന്നാം സീറ്റ് എന്ന ആവശ്യം ലീഗ് വീണ്ടും ഉന്നയിച്ചേക്കും. അത് മുന്നണി ബന്ധത്തെ തകരാറിലാക്കും. കോൺഗ്രസിനകത്തും സീറ്റിനായി പിടിവലി ഉണ്ടാകും. രാഹുലിന്റെ കേരളത്തിലെ സാന്നിധ്യം യുഡിഎഫിന് നൽകിയിരുന്നത് വലിയ ആത്മവിശ്വാസമായിരുന്നു. രാഹുൽ ഉത്തരേന്ത്യയിലേക്ക് വീണ്ടും തട്ടകം മാറ്റുന്നതോടെ പഴയതുപോലെ ഗ്രൂപ്പ് പോലും മറ്റും ശക്തമാക്കാനും ഇടയുണ്ട്.
ഗാന്ധി കുടുംബത്തിനെതിരെ റായ് ബറേലിയിലെ ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗും രംഗത്തെത്തി. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റായ് ബറേലിയിലെ ജനങ്ങളെ വഞ്ചിച്ചു. സോണിയയെ എംപിയായി തെരഞ്ഞെടുത്തെങ്കിലും അധികാരം പ്രിയങ്കയുടെ കൈയിലായിരുന്നു. 10 വർഷം ജനങ്ങൾ അനുഭവിച്ചതിനുള്ള മറുപടി ഇത്തവണ തെരഞ്ഞെടുപ്പിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

