'വണ്ടൂരിലേക്കുള്ള യാത്രാ മധ്യേ ഒരു കുട്ടി ഫ്രണ്ടിനെ കണ്ടുമുട്ടി. എനിക്കൊരു സെല്‍ഫിയും അവള്‍ക്കൊരു ചോക്ലേറ്റും'- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു
മലപ്പുറം: വയനാട്ടിലെ എംപി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി (Rahul Gandhi) കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. വലിയ സ്വീകരണമാണ് സംസ്ഥാന നേതൃത്വം രാഹുലിനായി ഒരുക്കിയിരുന്നത്. വഴിയരികില്‍ കാത്തു നിന്ന സ്ത്രീകളോട് കുശലും പറഞ്ഞും പൂക്കള്‍ സ്വീകരിച്ചുമുള്ല രാഹുല്‍ ഗാന്ധിയുടെ യാത്ര വൈറലായിരുന്നു. ഇപ്പോഴിതാ വണ്ടൂരിലേക്കുള്ള യാത്രാ മധ്യേ കണ്ടുമുട്ടിയ 'കുട്ടി ഫ്രണ്ടിനെ' പറ്റിയുള്ള രാഹുലിന്‍റെ കുറിപ്പ് വൈറലാവുകയാണ്.
വയനാട്ടില്‍ നിന്നും വണ്ടൂരിലേക്കുള്ള യാത്രക്കിടെയാണ് രാഹുലിനെ കാണാനായി ഒരു കുരുന്ന് വഴിയരികില്‍ കാത്ത് നിന്നത്. കുട്ടിയെ കണ്ട രാഹുല്‍ വാഹനം നിര്‍ത്തി. കാറിനടുത്തേക്ക് എത്തിയ പെണ്‍കുട്ടിയെ ഡോര്‍തുറന്ന് തന്‍റെ അടുത്തേക്ക് പിടിച്ചിരുത്തി രാഹുല്‍ ഗാന്ധി ഒരു ചോക്ലേറ്റ് സമ്മാനമായി നല്‍കി. ഒരു സെല്‍ഫിയുമെടുത്ത് കുരുന്നിന്‍റെ നെറ്റിയില്‍ ഉമ്മയും സമ്മാനിച്ചാണ് യാത്ര തുടര്‍ന്നത്.
'കുട്ടി ഫ്രണ്ടു'മായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 'വണ്ടൂരിലേക്കുള്ള യാത്രാ മധ്യേ ഒരു കുട്ടി ഫ്രണ്ടിനെ കണ്ടുമുട്ടി. എനിക്കൊരു സെല്‍ഫിയും അവള്‍ക്കൊരു ചോക്ലേറ്റും'- രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോക്കൊപ്പം കുറിച്ചു.
Read More: Rahul Gandhi : നേതാക്കളുടെ പേരുകളിൽ തപ്പിത്തടഞ്ഞ് രാഹുൽ, ഒടുവിൽ ചിരിച്ചു കൊണ്ട് ക്ഷമാപണം - വീഡിയോ
വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് അപൂര്‍വ്വമായ കൂടിക്കാഴ്ച നടന്നത്. ഇന്ന് മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും. രാഹുലിന്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Read More: ഡിവൈഎഫ്ഐ പ്രകടനത്തിനിടെ രാഹുൽ ഗാന്ധിയുടെ ഫ്ലക്സ് വലിച്ചു കീറി
