സ്പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ,ദേശീയ നേതാവിന്‍റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല
വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പൊലീസിന് വീഴ‍്‍ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പൊലീസിനെ മറികടന്ന് പ്രവർത്തകർ ഓഫീസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ദേശീയ നേതാവിന്‍റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സസ്പെൻഷൻ നേരിട്ട കൽപ്പറ്റ ഡിവൈഎസ്‍പിയിൽ നിന്നും ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് എഡിജിപി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ ഡിവൈഎസ്‍പി എം.ഡി.സുനിൽകുമാറിനെ മാത്രം ബലിയാടാക്കിയെന്ന അതൃപ്തി സേനക്കുള്ളിലുണ്ട്.
ഇതിനിടെ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചേർന്നു.ജില്ലയിലെ നേതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ പറഞ്ഞു. ഉടൻ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം സംഭവത്തിന് പിന്നാലെ കോൺഗ്രസും ഇതര പ്രതിപക്ഷ സംഘടനകളും സർക്കാരിനെ ഉന്നംവയ്ക്കുന്നതിനെതിരെ എൽഡിഎഫ് രംഗത്തെത്തി. സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് നാളെ എൽഡിഎഫിന്‍റെ ബഹുജന റാലി കൽപ്പറ്റയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
