ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കുശേഷം രാഷ്ട്രീയ പൊതുയോഗത്തിൽ ആദ്യമായി പങ്കെടുത്ത് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കല്ലടിക്കോട് നടന്ന യൂത്ത് ലീഗ് പൊതുസമ്മേളനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കുശേഷം രാഷ്ട്രീയ പൊതുയോഗത്തിൽ ആദ്യമായി പങ്കെടുത്ത് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് ലീഗിന്‍റെ വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കല്ലടിക്കോട് നടന്ന യൂത്ത് ലീഗ് പൊതുസമ്മേളനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. വിവാദങ്ങള്‍ക്കുശേഷം ആദ്യമായാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗത്തിൽ രാഹുൽ പ്രസംഗിക്കുന്നത്. വിവാദങ്ങള്‍ക്കുശേഷവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചശേഷവും കോൺഗ്രസ് പരിപാടികളിൽ ഇതുവരെ രാഹുൽ പങ്കെടുത്തിട്ടില്ല. 

എൽഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ യൂത്ത് ലീഗ് വേദിയിലെ പ്രസംഗം. ഒമ്പതര വര്‍ഷക്കാലത്തെ അവഗണന ഓര്‍ത്തുവെച്ച് 2026ൽ പലിശ സഹിതം ഈ നാട് മറുപടി നൽകുമെന്ന് പിണറായി വിജയനോ വിജയന്‍റെ സേനയിൽ പെട്ട ആരാധകനോ ഒരു സംശയം വേണ്ടന്ന് രാഹുൽ പറഞ്ഞു. ഒമ്പതര വര്‍ഷമാകുമ്പോഴാണ് ഈ നാട്ടിലെ സാധാരണക്കാരന്‍റെ പെൻഷൻ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഈ സര്‍ക്കാര്‍ ആലോചിക്കുക പോലും ചെയ്യുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാരുടെ രാപകൽ സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടിയിൽ രാഹുൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ പട്ടയമേളയിൽ മന്ത്രി കൃഷ്ണൻകുട്ടിക്കും, ശാന്തകുമാരി എംഎൽഎക്കുമൊപ്പം രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ വേദി പങ്കെടുത്തത് വലിയ വിവാദമായതിന് പിന്നാലെയാണ് മന്ത്രിക്കൊപ്പം വേദി പങ്കിട്ട സംഭവമുണ്ടായത്. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് രാഹുലിനൊപ്പം ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. ഉദ്ഘാടനടമക്കമുള്ള ഇത്തരം പരിപാടികളിൽ രാഹുൽ പങ്കെടുത്തിരുന്നെങ്കിലും രാഷ്ട്രീയ പരിപാടിയിൽ ഇതുവരെ രാഹുൽ പങ്കെടുത്തിരുന്നില്ല.

YouTube video player