രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെയും ഡിവൈഎഫ്ഐയുടെയും തീരുമാനം. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും മുന്നറിയിപ്പ് നൽകുന്നത്.  

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കും. ഞായറാഴ്ച വൈകീട്ട് വരെ മണ്ഡലത്തിൽ തുടരാനാണ് സാധ്യത. ആദ്യഘട്ടത്തിൽ പൊതു പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് രാഹുൽ, ഷാഫി ക്യാമ്പിന്റെ തീരുമാനം. എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെയും ഡിവൈഎഫ്ഐയുടെയും തീരുമാനം. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും മുന്നറിയിപ്പ് നൽകുന്നത്. എംഎൽഎ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകും. 

രാഹുലിനെ ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനൊപ്പം ഇന്ന് നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ് ഒരേസമയം ഇരയോടൊപ്പം എന്ന് പറയുകയും രാഹുലിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ വിമര്‍ശനം. യൂത്ത് കോൺഗ്രസ് പിരിച്ചുവിടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് റോഡിൽ എസ്എഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. ഏതാനും മിനിറ്റോളം പ്രതിഷേധം തുടർന്നപ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. പിന്നീട് പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റിയെങ്കിലും വാഹനം മുന്നോട്ടെടുക്കാൻ രാഹുൽ തയ്യാറായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി ആവശ്യപ്പെട്ടപ്പോഴാണ് എസ്കോട്ടോടുകൂടി വാഹനം കടന്നുപോയത്.

രാഹുൽ സഭയിലെത്തിയത് സതീശന്‍റെ നിലപാട് തള്ളി

വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകും. രാഹുൽ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തും.ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ എത്തിയത്. വരും ദിവസങ്ങളിലും രാഹുൽ സഭയിലെത്താൻ തീരുമാനിച്ചതിനാൽ സഭാ സമ്മേളന കാലമാകെ പ്രതിപക്ഷ നിര കടുത്ത പ്രതിരോധത്തിലാകും.

കോൺഗ്രസ്സിലെ ഭിന്നത അതിരൂക്ഷമായി

രാഹുൽ നിയമസഭയിലേക്കെത്തിയതോടെ സംസ്ഥാന കോൺഗ്രസ്സിലെ ഭിന്നത അതിരൂക്ഷമായി. അമർഷത്തിലാണെങ്കിലും കെപിസിസി യോഗത്തിലും മാധ്യമങ്ങൾക്ക് മുന്നിലും വിഡി സതീശൻ ഒന്നും മിണ്ടിയില്ല. നേതാക്കൾക്ക് വിവാദത്തിൽ ക്ലാരിറ്റിക്കുറവുണ്ടെന്ന് വി ടി ബൽറാം യോഗത്തിൽ വിമർശിച്ചു. നേതാക്കളെ ധിക്കരിച്ചിട്ടില്ലെന്നും എന്നും പാർട്ടിക്ക് വിധേയനായിരിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സഭയിലേക്ക് എത്തരുതെന്ന സതീശൻ രാഹൂലിനോട് പറഞ്ഞിരുന്നില്ല. പക്ഷെ മാറിനിൽക്കണമെന്നായിരുന്നു ആഗ്രഹം. അത് നടന്നില്ലെന്ന് മാത്രമല്ല. മറ്റൊരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ രാഹുൽ എത്തുകയും ചെയ്തു. സമീപകാലത്തൊന്നിമില്ലാത്ത തിരിച്ചടിയാണ് പ്രതിപക്ഷ നേതാവ് നേരിട്ടത്. രാഹൂലിനെതിരായ നടപടിക്ക് നേരത്തെ ആവേശത്തോടെ കൈപൊക്കിയ നേതാക്കളെല്ലാം ഇപ്പോൾ രാഹുലിനൊപ്പം മാറിയതിലടക്കം അമർഷം.