മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായതിനെതിരെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കോടതി രൂക്ഷ വിമർശനവും നടത്തി. ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിലെ വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ‘24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു കെഎസ്യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ’ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അതേ സമയം, വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎം നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്‍റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്‍പ്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. കോര്‍പ്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും നാളെ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.


