ജയിക്കും എന്ന ട്രെൻഡ് വന്നതിൽ സിപിഎമ്മിന് ടെൻഷനാണെന്നും അതാണ് പരാതിക്ക് പിന്നിലെന്നും വൈഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയുണ്ടായത്.

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പേര് നീക്കിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ്. വിഷയത്തിൽ കൊക്കൊള്ളേണ്ട നിയമ നടപടിയെ കുറിച്ച് പാർട്ടി തീരുമാനിക്കുമെന്ന് വൈഷ്ണ സുരേഷ് പറഞ്ഞു. ജയിക്കും എന്ന ട്രെൻഡ് വന്നതിൽ സിപിഎമ്മിന് ടെൻഷനാണ്. അതാണ് പരാതിക്ക് പിന്നിലെന്നും വൈഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്ണ സുരേഷിന്‍റെ പേരില്ല.

വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നൽകിയിരുന്നത്. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. സിപിഎം പരാതി അംഗീകരിച്ചുകൊണ്ട് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെ വൈഷ്ണക്ക് മത്സരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. നടപടിക്കെതിരെ വൈഷ്ണക്ക് അപ്പീൽ നൽകാനാകും. നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസ് തീരുമാനം. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയിൽ വൈഷ്ണയെ മുട്ടടയിൽ നിര്‍ത്തി പ്രചാരണവുമായി കോണ്‍ഗ്രസ് സജീവമാകുന്നതിനിടെയാണ് വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കിയുള്ള നടപടിയുണ്ടാകുന്നത്. കോര്‍പ്പറേഷനിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ വോട്ടര്‍ ആണെങ്കിൽ മാത്രമാണ് കൗണ്‍സിലറായി മത്സരിക്കാൻ കഴിയുക.