കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ്എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി വിജിലൻസ്. 

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ്എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി വിജിലൻസ്. ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്തുവകകൾ സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തു. 14 മണിക്കൂർ നീണ്ട പരിശോധനയിൽ വരവിൽ കവിഞ്ഞ സ്വത്തിന്റെ രേഖകളും തെളിവുകളും കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. വയനാട്ടിലും കോഴിക്കോടുമായി ഇന്ന് രാവിലെ മുതൽ നാലിടങ്ങളിൽ ആയിരുന്നു പരിശോധന നടത്തിയത്. 

അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നാളെ സർക്കാർ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് ദിലീപ്. വിജിലൻസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. നേരത്തെ തന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശേഷം കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണമാണ് നടക്കുന്നത്.

അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പർ അനുവദിക്കുക, നിയമലംഘനം നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുക തുടങ്ങി വിവിധ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണവും ആരോപണവും ഏറെ നേരിട്ടിട്ടുളള കോഴിക്കോട് കോര്‍പറേഷനിലെ പ്രധാന ഉദ്യോഗസ്ഥന്‍ തന്നെ ഒടുവില്‍ വിജിലന്‍സിന്‍റെ വലയിലാകുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജീനീയര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ദിലീപ് എംഎസ് അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലന്‍സിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലെ ദിലിപീന്‍റെ ഓഫീസിലെത്തി വിജിലന്‍സ് സംഘം പരിശോധന നടത്തി. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്ന് കോഴിക്കോട് ചക്കോരത്ത് കുളത്തെയും വയനാട് അമ്മായിപ്പാലത്തെയും വീടുകളിലും വിജിലന്‍സ് പരിശോധന നടത്തിയത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News