കേരളത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുമായി ബന്ധപ്പെട്ട കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തിന്റെ വികസനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും അദ്ദേഹം കണ്ടു. കൂടാതെ നിയുക്ത കേരള ഗവർണർ ഓം പ്രകാശ് മാത്തൂറുമായും അദ്ദേഹം ചർച്ചകൾ നടത്തി.

ന്യൂഡൽഹി: കേരളത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിർദിഷ്ട പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾ അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ജനവാസ മേഖലകളും കൃഷിയിടങ്ങളും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കർഷക സംഘടനകളുടെ ആശങ്കകൾ ബിജെപി അധ്യക്ഷൻ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. നിലവിലുള്ള വനമേഖലകളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ജനവാസ മേഖലകളുടെയും കൃഷിയിടങ്ങളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും യാഥാർഥ്യങ്ങൾ പരിഗണിക്കണം എന്ന കർഷകരുടെ ആവശ്യവും കേന്ദ്ര മന്ത്രിക്ക് മുന്നിൽ വെച്ചു.

പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സാധാരണക്കാരുടെ ജീവിതവും വികസനവും പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കി, നിർദിഷ്ട ഇഎസ്എ പ്രഖ്യാപനത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു. വികസിത തിരുവനന്തപുരം യാഥാർഥ്യമാക്കാൻ കേന്ദ്ര പ്രതിരോധ വകുപ്പിന്‍റെ സഹായങ്ങൾ അഭ്യർത്ഥിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിക്കാഴ്ച നടത്തി.

ഗവർണർ ഓം പ്രകാശ് മാത്തൂറുമായി രാജീവ്‌ ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : നിയുക്ത കേരളം ഗവർണർ ഓം പ്രകാശ് മാത്തൂറുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിൽ സിക്കിം ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ പൊതു രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ചർച്ചയായി. 23ന് ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്ന ഓം പ്രകാശ് മാത്തൂറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കേരളത്തിലേക്ക് സ്വാഗതം ചെയ്തു.