Asianet News MalayalamAsianet News Malayalam

'കൊവിഡിനിടയിലെ കൊള്ളയടി കേന്ദ്രസർക്കാർ അവസാനിപ്പിക്കണം'; ട്രെയിന്‍-വിമാന യാത്രാനിരക്കിനെതിരെ ചെന്നിത്തല

ഈ സമയത്ത് ജനങ്ങള്‍ക്ക് സൗജന്യ യാത്രയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. അതിന് പകരം അമിത യാത്രക്കൂലി വാങ്ങി സര്‍ക്കാര്‍ തന്നെ അവരെ പിഴിയുന്നത് ക്രൂരതയാണെന്നും ചെന്നിത്തല.

ramesh chennithala against central government on train flight ticket fare
Author
Thiruvananthapuram, First Published May 13, 2020, 4:47 PM IST

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വന്തം നാടുകളിലേക്ക് ജീവനും കൊണ്ട് ഓടി വരുന്നവരെ വിമാനടിക്കറ്റിന്റെയും റെയില്‍വേ ടിക്കറ്റിന്റെയും പേരില്‍ കൊള്ളയടിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ സമയത്ത് ജനങ്ങള്‍ക്ക് സൗജന്യ യാത്രയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. അതിന് പകരം അമിത യാത്രക്കൂലി വാങ്ങി സര്‍ക്കാര്‍ തന്നെ അവരെ പിഴിയുന്നത് ക്രൂരതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമിതമായ യാത്രാനിരക്കാണ് വിദേശത്ത് നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്നതിന് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ഗള്‍ഫില്‍ നിന്ന് 13,000 രൂപയും അമേരിക്കയില്‍ നിന്ന്  ഒരു ലക്ഷം രൂപയുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പലപ്പോഴും ഇതില്‍ കൂടുതലും നല്‍കേണ്ടി വരുന്നു. അങ്ങോട്ട് വിമാനം കാലിയായി പോകണമെന്ന് പറഞ്ഞാണ് ഈ അമിത കൂലി ഈടാക്കുന്നത്.

ദില്ലിയിൽ  നിന്ന് കേരളത്തിലേക്ക് ഓടിക്കുന്ന പ്രത്യേക ട്രെയിനുകളിലാകട്ടെ രാജധാനിയിലേതിനെക്കാൾ കൂടിയ നിരക്കാണ് ഈടാക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൂടുന്നതനുസരിച്ച് നിരക്ക് കൂടുന്ന ഡൈനാമിക് ഫെയര്‍ രീതിയിലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് തീരുന്നതനുസരിച്ച് ചാര്‍ജ് കൂട്ടുന്ന രീതിയാണിത്. അവസാനം വാങ്ങുന്നവര്‍ക്ക് വന്‍തുകയാണ് നല്‌കേണ്ടി വരുന്നത്. പലര്‍ക്കും ഫ്‌ളൈറ്റിന് തുല്യമായ തുക നല്‍കി ട്രെയിന്‍ ടിക്കറ്റ് എടുക്കേണ്ടി വന്നു. അമിത ചാര്‍ജ് ഈടാക്കുന്നു എന്നല്ലാതെ ട്രെയിനില്‍ വേണ്ടത്ര സൗകര്യങ്ങളുമില്ല. രാജധാനിയില്‍ ഭക്ഷണത്തിനുള്‍പ്പടെയാണ് ചാര്‍ജ് ഈടാക്കിയിരുന്നെങ്കില്‍ ഈ സ്‌പെഷ്യല്‍ ട്രെയിനില്‍ അതില്ല. ആപത്ത് കാലത്ത് രക്ഷക്കെത്തേണ്ട സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നത് ശരിയല്ല. അതിനാല്‍ ഇപ്പോഴത്തെ അമിത കൂലി അവസാനിപ്പിച്ച് സൗജന്യ നിരക്കില്‍ വിമാനത്തിലും ട്രെയിനിലും യാത്രക്കാരെ കൊണ്ടു വരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Follow Us:
Download App:
  • android
  • ios