ആരോഗ്യ വകുപ്പ് ഒന്ന് നന്നാക്കാൻ അഞ്ചുവർഷമായിട്ടും എൽഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നും ആശുപത്രികളിൽ പാരസെറ്റമോൾ പോലുമില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടുവെന്നും ആരോഗ്യവകുപ്പിനെ മന്ത്രി കുളമാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

സത്യം പറഞ്ഞ ഡോക്ടറെ ഇതുപോലെ ഹറാസ് ചെയ്യാൻ പാടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കള്ളങ്ങൾ പറഞ്ഞുപറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാൻ ശ്രമിക്കുകയാണ് മന്ത്രി. സിസ്റ്റത്തിന്‍റെ തകരാർ അല്ല മന്ത്രിയുടെ തകരാറാണ്. ആരോഗ്യ വകുപ്പ് ഒന്ന് നന്നാക്കാൻ അഞ്ചുവർഷമായിട്ടും എൽഡിഎഫിന് കഴിഞ്ഞിട്ടില്ല. ആശുപത്രികളിൽ പാരസെറ്റമോൾ പോലുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിനിടെ, പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യമന്ത്രിക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. ആരോഗ്യ മന്ത്രി പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ പരിപാടികളിൽ മന്ത്രിക്കൊപ്പം കൂടുതൽ പൊലിസുകാരെ നിയോഗിച്ചു. ആലപ്പുഴ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 15 അംഗ പൊലിസ് സംഘമാണ് മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നത്. 

ആലപ്പുഴ നോർത്ത് സൗത്ത് സ്റ്റേഷനുകളിലെ പൊലിസുകാരാണ് സുരക്ഷ സംഘത്തിൽ ഉള്ളത്. നിലവിലെ സാഹചര്യത്തിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ മുൻ കരുതലിനാണ് കൂടുതൽ ഉദ്യഗസ്ഥർ എന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയ വിവരം.