പേരാമ്പ്രയിൽ സമാധാനന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ കിരാത നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം: ചോര വീഴ്ത്തി കോൺഗ്രസിനെ തകർക്കാം എന്നാരും കരുതരുതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പേരാമ്പ്രയിൽ സമാധാനന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ കിരാത നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
"ചോര വീഴ്ത്തി കോൺഗ്രസിനെ തകർക്കാം എന്നാരും കരുതരുത്. പേരാമ്പ്രയിൽ സമാധാനന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരെ പോലീസ് ക്രൂരമായി മർദ്ദിച്ചത്. ഈ കിരാത നടപടിയെ അതിശക്തമായി അപലപിക്കുന്നു. എംപി ആണെന്നറിയാമായിരുന്നിട്ടും ആ പരിഗണന പോലും കൊടുക്കാതെ മർദ്ദിക്കുകയായിരുന്നു. ഷാഫിയുടെ പരിപാടികൾ കലക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും കാലങ്ങളായി ശ്രമിച്ചുവരികയാണ്. അതിൻറെ തുടർച്ചയാണ് ഈ പോലീസ് അതിക്രമം. ഇതിന് നേതൃത്വം നൽകിയ മുഴുവൻ പോലീസുകാർക്കെതിരെയും അതിശക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം"
ലാത്തിച്ചാര്‍ജ് യു ഡി എഫ് - സി പി എം പ്രകടനങ്ങൾക്കിടെ
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്. പൊലീസ് കണ്ണീർ വാതക പ്രയോഗവും നടത്തി. ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പിൽ എംപിക്കും നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. പൊലീസ് ഷാഫി പറമ്പിലിനെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


