ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടും വയനാട്ടിലും കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി
തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടും വയനാട്ടിലും കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പൊലീസിന്റേത് നരനായാട്ടെന്ന് എംകെ രാഘവൻ പ്രതികരിച്ചു. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് രമേശ് ചെന്നിത്തലയും ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു.
കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടക്കുകയാണ്. നാദാപുരത്ത് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നാദാപുരം - ടൗണിൽ സംസ്ഥാന പാത ഉപരോധിച്ചു. പാലക്കാട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊച്ചിയിൽ രണ്ടിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം ഡിസിസിക്ക് സമീപത്ത് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തൃശ്ശൂരിൽ സ്വരാജ് റൗണ്ടിലേക്ക് പ്രതിഷേധവുമായി കടന്ന പ്രവർത്തകർ സിപിഎം പോസ്റ്ററുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമായി. പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ചവറ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
കെസി വേണുഗോപാല്‍
ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് കൊടിയ അക്രമമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സിപിഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്കെതിരായ ആക്രമണമെന്നും എങ്ങനെയും കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ ആക്രമിക്കുകയെന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് സിപിഎം നേതൃത്വം നല്‍കുമ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ സകല സംവിധാനങ്ങളും അതിന് കുട പിടിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഭഗവാന്റെ സ്വര്‍ണത്തില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിനാകെ ഹാലിളകിയിരിക്കുകയാണ്. ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും തെല്ലും വിശ്വാസവും പ്രതീക്ഷയുമില്ലാത്ത സിപിഎം നാടാകെ അക്രമം അഴിച്ചുവിടാന്‍ പൊലീസിനെ കയറൂരിവിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാഫിക്കെതിരായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമരാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദേഹത്ത് പൊടിഞ്ഞ ചോരയ്ക്ക് കോണ്‍ഗ്രസ് കണക്കു ചോദിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ദീപദാസ് മുൻഷി
ഷാഫിക്കെതിരായുള്ള ആക്രമണം ശബരിമല കൊള്ള മറയ്ക്കാനുള്ള ശ്രമമാണെന്നും പിണറായി പോലീസിന്റെ അരാജകത്വമാണ് നടന്നതെന്നും എഐസിസി നേതാവ് ദീപ ദാസ് മുൻഷി. ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും പിണറായി വിജയൻ മറുപടി പറയണമെന്നും അവർ പറഞ്ഞു.
പൊലീസ് ലാത്തിച്ചാർജിനിടെ ഷാഫിക്ക് പരിക്ക്
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർ വാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.



