ഡാം മാനേജ്‌മെന്‍റിലെ ഗുരുതര വീഴ്ച്ചയാണ് മഹാപ്രളയത്തിലേക്ക് നയിച്ചത്. മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും പ്രതിപക്ഷനേതാവ്

കൊച്ചി: പ്രളയത്തെ കുറിച്ച് തയ്യാറാക്കിയ അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയം മനുഷ്യ നിർമിതം തന്നെയാണെന്നും പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നും ചെന്നിത്തല പറഞ്ഞു. ഡാം മാനേജ്‌മെന്‍റിലെ ഗുരുതര വീഴ്ച്ചയാണ് മഹാപ്രളയത്തിലേക്ക് നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും എറണാകുളം പ്രസ്ക്ലബ്ബിന്‍റെ വോട്ടും വാക്കും പരിപാടിയിൽ പ്രതിപക്ഷനേതാവ് ചോദിച്ചു. 

പ്രളയം സജീവ ചർച്ചയാക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് പറയാനാകില്ലെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട് പെട്ടെന്ന് ശ്രദ്ധ ലഭിക്കുന്നതിന് കാരണമായി എന്നത് സത്യമാണെന്നും ചെന്നിത്തല പറഞ്ഞു. 

എന്നാൽ, അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കോടതി തേടിയ അഭിഭാഷക സഹായം മാത്രമാണ് അമിക്കസ്ക്യൂറി. റിപ്പോര്‍ട്ട് തള്ളാനോ കൊള്ളാനോ ഉള്ള അധികാരം കോടതിക്കുണ്ട്. ഈ സാഹചര്യത്തിൽ അനാവശ്യമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിൽ നിര്‍ത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് ശ്രമം നടക്കുന്നത്. ഇത് അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധപ്പെട്ടവരുമായി അഭിപ്രായം ചോദിച്ചല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ജനങ്ങളെയാകെ അണിനിരത്തി നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തെമ്പാടുമുള്ള ജനതയുടെ അംഗീകാരം നേടിയിട്ടുള്ളതാണ്. ഈ രക്ഷാപ്രവര്‍ത്തനത്തെ യു.എന്‍ തന്നെ ഏറെ ശ്ലാഘിച്ചിട്ടുണ്ട്. പ്രളയത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയുമാണ്. 

അമിക്കസ്ക്യൂറി ഒരു കേസില്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ സാധാരണ നിലയ്ക്ക് അത് ചര്‍ച്ചയാവേണ്ടതില്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയിലെ അംഗങ്ങള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായാണ് സുപ്രീംകോടതി വിധി പറഞ്ഞതെന്നും പിണറായി പറഞ്ഞു.