പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല. സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണം. പ്രതികളാരെന്ന് നമ്മൾ പ്രഖ്യാപിക്കുന്നില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണത്തില്‍ തികഞ്ഞ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവം നടന്നയുടൻ എല്‍ഡിഎഫ് കൺവീനർ പറയുന്നത് കോൺഗ്രസാണെന്നാണ്. നാടകം കളിക്കുകയാണ് എല്‍ഡിഎഫെന്നും അദ്ദേഹം ആരോപിച്ചു. 

നാളെ കോൺഗ്രസിന്‍റെ സമരം നടക്കുകയാണ്. ഇന്ന് രാഹുൽ ഗാന്ധി വന്നു. ഇത്തരം സാഹചര്യത്തിൽ കോൺഗ്രസ് ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ച രമേശ് ചെന്നിത്തല, സ്വർണകടത്ത്, സ്പ്രിഗ്ളർ അഴിമതി എന്നിവ മറയ്ക്കാനുളള സര്‍ക്കാര്‍ നടപടിയാണിതെന്ന് വിമര്‍ശിച്ചു. പ്രഥമ ദൃഷ്ട്യാ നോക്കിയാൽ ഇതൊരു നാടകമാണെന്ന് ആരോപിച്ച ചെന്നിത്തല, കെപിസിസി ഓഫീസ് ആക്രമിച്ചത് ആരാണെന്നും ചോദിച്ചു. എപ്പോഴും പൊലീസ് നിരീക്ഷണമുള്ള ഒരു സ്ഥലത്ത് ഇത് നടക്കുമോ എന്ന് ചോദിച്ച അദ്ദേഹം, ഭരിക്കുന്ന പാർട്ടിക്കാണ് അക്രമം തടയാനുള്ള ഉത്തരവാദിത്വമെന്നും കുറ്റപ്പെടുത്തി.

Also Read: ബോംബേറ് കോൺഗ്രസ് ശൈലി അല്ല:യുഡിഎഫിനെതിരെ ആരോപണം എന്തടിസ്ഥാനത്തിൽ, പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ -വിഡി സതീശൻ

സെമി കേഡർ എന്നാൽ അക്രമിക്കാനുള്ള ആഹ്വാനമല്ലെന്നും അങ്ങനെ ആക്രമണം നടത്താൻ കെപിസിസി പ്രസിഡന്‍റ് പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ഗുരുതര വീഴ്ചയാണ് ഉണ്ടായത്. സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണം. പ്രതികളാരെന്ന് നമ്മൾ പ്രഖ്യാപിക്കുന്നില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:എകെജി സെന്‍റർ ആക്രമണം ഇപി ജയരാജന്‍റെ തിരക്കഥ;സിസിടിവിയിൽ ഒന്നും പെടാതെ അക്രമി കടന്നതെങ്ങനെയെന്നും കെ സുധാകരൻ

ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു.

അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം എകെജി സെന്‍റര്‍ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. അതിനിടെ കോൺ​ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വ‍ർധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വ‍ർധിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധ‍ർമ്മടത്തെ വീടിന്റെയും സുരക്ഷ വ‍ർധിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെത്തുന്ന രാഹുൽ ​ഗാന്ധിയുടെ സുരക്ഷയും വർധിപ്പിച്ചു.