തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസ് സംസ്ഥാന പൊലീസിന് തന്നെ തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പന്തീരാങ്കാവ് വിഷയത്തില്‍  മുഖ്യമന്ത്രിയുടേത് വൈകി വന്ന വിവേകമാണെന്ന് ചെന്നിത്തല പ്രതികരിച്ചു. 'മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും വിവേകം ഉദിച്ചത് നന്നായി. നേരത്തെ ചെയ്യേണ്ടിയിരുന്നത് കാര്യമാണിത്. യുഎപിഎ ചുമത്തിയത് കൊണ്ടാണ് കേസ് എൻഐഎക്ക് വിടേണ്ടി വന്നത്'. വസ്തുത പ്രതിപക്ഷം പറഞ്ഞപ്പോൾ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലനും താഹയ്ക്കും എതിരായ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പൊലീസിന് തന്നെ കേസ് തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം മാനിച്ചാണ് കത്ത് നൽകിയതെന്നും പിണറായി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

അലനും താഹയ്ക്കും എതിരായ യുഎപിഎ കേസ്: അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ നടക്കുന്ന അന്വേഷണം നടക്കട്ടയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പാലാരിവട്ടം പാലം നി‍ർമ്മാണം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾക്കൊന്നും ഇതുവരെ മറുപടി കിട്ടിയിട്ടില്ല. പ്രതിപക്ഷം ഉന്നയിച്ച അഴിമതിയാരോപങ്ങളിലും ഇതുപോലെ പ്രോസിക്യൂഷൻ അനുമതി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.