തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ  കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുകയാണ്. പ്രശ്നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും.  മന്ത്രിമാർക്കെതിരെ താൻ നൽകിയ പരാതിയിൽ ഗവർണറുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. 

അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാണ് ഇന്‍റലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശിവകുമാറിനെതിരെ നേരത്തെ തന്നെ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുക്കള്‍ വാങ്ങിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവകുമാറിനെതിരെ ഉയര്‍ന്നിരുന്നത്. 

2016ല്‍ ജേക്കബ്ബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്ന സമയത്തു തന്നെ വിജിലന്‍സ് ശിവകുമാറിനെതിരെ രഹസ്യ അന്വേഷണം നടത്തിയിരുന്നു. ശിവകുമാര്‍ ബിനാമി പേരില്‍ സ്വത്തുക്കള്‍ സമ്പാദിച്ചെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. 

Read Also: അനധികൃത സ്വത്ത്: വിഎസ് ശിവകുമാര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു