മന്ത്രി സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നത്തിയെന്നതടക്കമുള്ള വാദങ്ങൾ 100% വസ്തുതാപരമാണ്. അതിപ്പോഴും പ്രസക്തവുമാണ്. ലോകായുക്തയെ അല്ല വിധിയെയാണ് വിമർശിക്കുന്നത്. ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധിയാണ് ലോകായുക്തയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ (Kannur VC Appointment) മന്ത്രി ആർ ബിന്ദു (R Bindhu) അധികാര ദുർവിനിയോഗം നടത്തിയില്ലെന്ന ലോകായുക്ത (Lokayukta) വിധിക്കെതിരെ പരാതിക്കാരനായ കോൺഗ്രസ് എംഎൽഎ രമേശ് ചെന്നിത്തല. ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്നും ഉന്നയിച്ച വാദങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മന്ത്രി സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്നതടക്കമുള്ള വാദങ്ങൾ 100% വസ്തുതാപരമാണ്. അതിപ്പോഴും പ്രസക്തവുമാണ്. ലോകായുക്തയെ അല്ല വിധിയെയാണ് വിമർശിക്കുന്നത്. ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധിയാണ് ലോകായുക്തയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വിസിയെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയെ ഗവർണ്ണറാണ് നിയമിച്ചത്. സെർച്ച് കമ്മിറ്റി നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയപ്പോഴാണ് അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കത്തെഴുതിയത്. അത് നിയമ വിരുദ്ധമാണ്. മന്ത്രി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ നടത്തിയത്? വ്യക്തിപരമായി മന്ത്രിയോട് എതിർപ്പില്ല'. തനിക്ക് ഇച്ഛാഭംഗമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
'കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിന് യോജിച്ചതല്ല'; മന്ത്രി ആർ ബിന്ദു
കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം കാണിച്ചില്ലെന്നാണ് ലോകായുക്തയുടെ വിധി. മന്ത്രി നൽകിയത് നിർദേശം മാത്രമാണെന്നും സർവകലാശാലക്ക് അന്യയല്ലെന്നുമാണ് ലോകായുക്തയുടെ വിധി. അത് ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ആകാം. വി സിയുടെ പ്രായ പരിധി കണ്ണൂർ സർവകലാശാല ചട്ടത്തിൽ പറയുന്നില്ല. കണ്ണൂർ വി സി നിയമനത്തെ കുറിച്ചുള്ള പരാതി പരിഗണിക്കുന്നില്ല .അത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണനയിൽ ആണെന്നും ലോകായുക്ത വ്യക്തമാക്കി. ലോകയുക്ത പരിഗണിച്ചത് മന്ത്രിക്കെതിരായ പരാതി മാത്രമെന്നും ലോകായുക്ത വിശദീകരിച്ചു.
ഗവർണറുടെ ഓഫീസിനെതിരെ ലോകായുക്‌ത വിമർശനം ഉന്നയിച്ചു. സർക്കാർ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിലാണ് ഗവർണറുടെ ഓഫീസ് നൽകിയ കത്തുള്ളത്. ഗവർണർ ആവശ്യപ്പെട്ടതു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഗവർണറുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കേണ്ടിയിരുന്നില്ല. സർക്കാർ അഭിഭാഷകനോട് ചോദിച്ച് കാര്യങ്ങൾ വ്യക്ത വരുത്താമായിരുന്നുവെന്നും ലോകായുക്ത വിധിയിൽ പറയുന്നു.
