രാഹുൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ. ഇപ്പോൾ സ്ഥിതി മോശമായി. പാർട്ടിയിൽ രാഹുലിന് തുടരാൻ കഴിയാത്ത അവസ്ഥയായി. ഇനിയും സാങ്കേതികത്വം നോക്കരുത്. എംഎൽഎ സ്ഥാനം രാജിവെച്ചു ഒഴിവായിപ്പോകുന്നതാണ് ഉചിതമെന്നും വിഎം സുധീരൻ പറഞ്ഞു.
തിരുവനന്തപുരം: ബലാത്സംഗക്കേസിൻ്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വിഎം സുധീരനും. രാഹുൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ പറഞ്ഞു. ഇപ്പോൾ സ്ഥിതി മോശമായി. പാർട്ടിയിൽ രാഹുലിന് തുടരാൻ കഴിയാത്ത അവസ്ഥയായി. ഇനിയും സാങ്കേതികത്വം നോക്കരുത്. എംഎൽഎ സ്ഥാനം രാജിവെച്ചു ഒഴിവായിപ്പോകുന്നതാണ് ഉചിതമെന്നും വിഎം സുധീരൻ പറഞ്ഞു.
രാഹുൽ വിഷയത്തിൽ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് കൈക്കൊണ്ടതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ആരോപണം ഉയർന്നപ്പോൾ തന്നെ നടപടി എടുത്തു. സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ ഒരു പാർട്ടിയും എടുക്കാത്ത നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്.
പാർട്ടി കോടതി ഉണ്ടാക്കിയില്ല, രൂക്ഷത അളന്നില്ല, പാർട്ടി നടപടി എടുത്തു. എഐസിസി ഒരു നിർദേശവും നൽകിയിട്ടില്ല. അവിടെ നിന്ന് ആരും ഇങ്ങോട്ട് നിർദ്ദേശം നൽകാറില്ല. അങ്ങനെയുള്ള വാർത്തകളിൽ വസ്തുതയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഫെന്നി നൈനാന് എതിരെയുള്ള ആരോപണത്തിലും ചെന്നിത്തല പ്രതികരിച്ചു. ഫെന്നി ഒരു കുഴപ്പം പിടിച്ച പേരാണെന്നും സോളാർ കേസിലും ഫെന്നി എന്നൊരു പേര് ഉയർന്നു വന്നിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോടതി രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞില്ല. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവിൽ 7 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസ്സമില്ലെങ്കിലും ജാമ്യാപേക്ഷയിൽ നാളെയായിരിക്കും കോടതി വിധിവരിക.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സൂചന
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വന്നശേഷമായിരിക്കും നടപടിയുണ്ടാകുകയെന്നാണ് വിവരം. രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാക്കളായ കെ മുരളീധരൻ, അജയ് തറയിൽ, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.
രാഹുൽ വിഷയത്തിൽ കെപിസിസി പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയെന്നും കോടതി വിധിവരട്ടെയെന്നും നല്ല വാർത്ത വരുമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശിന്‍റെ പ്രതികരണം. നല്ല വാർത്ത ആർക്കായിരിക്കും എന്ന ചോദ്യത്തിന് ആർക്കുമാകാമെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ മറുപടി. ജാമ്യ ഹര്‍ജിയിൽ തീരുമാനം ഉണ്ടായശേഷം രാഹുലിനെതിരായ നടപടിയിൽ തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അടൂര്‍ പ്രകാശും നൽകിയത്. രാഹുലിന് എം എൽ എ സ്ഥാനം നൽകിയത് ജനങ്ങളാണെന്നും കോൺഗ്രസ് സ്വീകരിച്ചത് മാതൃകപരമായ നടപടിയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ കോടതി തീരുമാനത്തിന് മുമ്പ് തന്നെ രാഹുലിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ആകാംക്ഷ.



