ദില്ലി: തന്‍റെ പേര് തെറ്റായി ഉച്ചരിച്ച സ്പീക്കറെ തിരുത്തി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. പാര്‍ലമെന്‍റിലെ ശൂന്യവേളയില്‍ രമ്യയ്ക്ക് പകരം രാമയ്യ എന്നാണ് സ്പീക്കര്‍ വിളിച്ചത്. എന്നാല്‍ സ്പീക്കറുടെ ഉച്ചാരണ പിശകിനെ എഴുന്നേറ്റ് നിന്ന് തിരുത്തുകയായിരുന്നു രമ്യ ഹരിദാസ്.

രമ്യ ഹരിദാസിന് പകരം രാമയ്യ ഹരിദാസ് എന്നാണ് സ്പീക്കര്‍ ഉച്ചരിച്ചത്. ഉടന്‍ തന്നെ തന്‍റെ പേര് രമ്യ ഹരിദാസ് എന്നാണെന്ന് രമ്യ തിരുത്തി. രമ്യയ്‍ക്കൊപ്പം ചേര്‍ന്ന് സഭയും സ്പീക്കറെ തിരുത്തിയതോടെ സ്പീക്കറുടെ മുഖത്തും ചിരി പടര്‍ന്നു.

രമ്യ ഒരു സംഭവമാണെന്നും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചയാളാണെന്നും സ്പീക്കര്‍ പറഞ്ഞു. ആലത്തൂരിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ആദ്യ അവസരത്തില്‍ രമ്യ ഹരിദാസ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്.