റാപ്പർ വേടന്‍റെ സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. വേടനെതിരെയുള്ള കേസുകളിൽ ഗൂഢാലോചന നടക്കുന്നുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
കൊച്ചി: റാപ്പർ വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന കുടുംബത്തിന്‍റെ പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. വേടന്‍റെ സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. വേടനെതിരെ തുടരെത്തുടരെ ക്രിമിനൽ കേസുകൾ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പരാതി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. വേടനെതിരെ ബലാത്സംഗം ഉൾപ്പടെ രണ്ട് കേസുകളിൽ അന്വേഷണം നടക്കുകയാണ്. അതിൽ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വേടനെ ചോദ്യം ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
വേടനെതിരെ ഗൂഢാലോചനയെന്ന് കുടുംബം
വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു വേടനെതിരായ കേസ്. എന്നാൽ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ചിരുന്നു. യുവഡോക്ടർ നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വേടൻ ഹാജരായത്.


