സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റാവഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിക്കുന്നതടക്കം ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഭാര്യക്കൊപ്പമാണ് അദ്ദേഹം പൊലീസ് ആസ്ഥാനത്ത് ചുമതലയേൽക്കാനെത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം രാവിലെ പത്തരയ്ക്കുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പോകും.

ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലിസ് മേധാവിയായി തീരുമാനിച്ചത്. ഇന്നലെ കേന്ദ്ര സർവ്വീസിൽ നിന്നും ഒഴിഞ്ഞ റവഡാ പുലർച്ചെയാണ് തലസ്ഥാനത്ത് എത്തിയത്. ചുമതലയേറ്റെടുത്ത ശേഷം ഡിജിപി കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കും. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ വിവാദങ്ങള്‍ നിലനിൽക്കേയാണ് റവാഡയുടെ ഔദ്യോഗിക പരിപാടികൾ കണ്ണൂരിൽ നിന്നും തുടങ്ങുന്നത്.

YouTube video player