ഡിജിപിയിറക്കിയ സര്‍ക്കുലര്‍ ലംഘിച്ച് പൊലീസിലെ വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം. ഇന്നലെ കളിയാക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ സ്റ്റാറ്റസ് ആക്കിയത്
തിരുവനന്തപുരം: പൊലീസ് യൂണിഫോമിൽ റീൽസ് ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന വനിതാ ബറ്റാലിയൻ കമാണ്ടൻറിൻെറ സർക്കുലിന് പുല്ലുവില. വനിതാ ബറ്റാലിയൻ ആസ്ഥാനത്തും ഡ്യൂട്ടിക്കിടിയിലും റീൽസ് ചിത്രീകരണം അതിരു കടന്നപ്പോഴാണ് ഡിജിപിയുടെ സർക്കുലർ അനുസരിക്കണമെന്ന കർശന നിർദ്ദേശം നൽകിയത്. എന്നാൽ, ഇന്നലെ കളിയിക്കാവിളയിൽ നവരാത്രി ഡ്യൂട്ടിക്കിടെ എസ്ഐയും മറ്റ് പൊലീസുകാരും ചേർന്ന് റീൽസ് ചിത്രീകരിച്ച് നവമാധ്യമങ്ങളിലിട്ടു. പൊലീസ് യൂണിഫോമിൽ ചിത്രങ്ങളും പങ്കുവച്ചു. വനിതാ ബറ്റാലിയനിലെ അസോസിയേഷൻ നേതാക്കള്‍ ഉള്‍പ്പെടെയാണ് റീൽസ് ചിത്രീകരിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ റീൽസുകള്‍ നവമാധ്യമങ്ങളിൽ പിൻവലിച്ചു.



