കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ഹോളി ഫെയ്ത്ത് എച്ച് 2 ഒയിൽ നിന്നാണ് ആദ്യം അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയത്. ഹോളിഫെയ്ത്തിൽ നിന്നും ജെയ്ൻ കോറൽകോവിൽ നിന്നുമായിരിക്കും ഇന്ന് അവശിഷ്ടങ്ങൾ നീക്കുക. ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനമാണ് ഇതിനായി കരാര്‍ എടുത്തിരിക്കുന്നത്. 

ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കുന്നു

പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാലിന്യനീക്കം രാത്രിയില്‍ ആക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ യാര്‍ഡിലേക്കാണ് ഇവ കൊണ്ടുപോവുക. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍നിന്ന് എം സാന്റ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

കോണ്‍ക്രീറ്റ് മാലിന്യങ്ങളും ഇരുമ്പും വേര്‍തിരിച്ച് നല്‍കുന്നത് ഫ്ലാറ്റ് പൊളിച്ച കന്പനികളിലൊന്നായ വിജയ് സ്റ്റീല്‍സാണ്. ഇരുന്പിന്‍റെ ഭാഗങ്ങള്‍ വിജയ് സ്റ്റീല്‍സ് ഏറ്റെടുക്കും. ഫ്ലാറ്റ് പൊളിച്ച് 70 ദിവസത്തിനകം വിജയ് സ്റ്റീല്‍സും പ്രോംപ്റ്റും ചേര്‍ന്ന് മുഴുവൻ അവശിഷ്ടങ്ങളും നീക്കണമെന്നാണ് കരാര്‍.

76000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങളാണ് കോണ്‍ക്രീറ്റ് കൂമ്പാരങ്ങളായി മാറിയ ജെയ്ൻ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ സെറീൻ, ഗോള്‍ഡൻ കായലോരം ഫ്ലാറ്റുകളിൽ നിന്ന് നീക്കം ചെയ്യാനുള്ളത്.