പ്രധാന നേതാക്കള്‍ തന്നെ അവകാശ വാദത്തിൽ ഉറച്ചു നില്‍ക്കുന്നതാണ് കെപിസിസി നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി

തിരുവനന്തപുരം: ഡിസിസി പ്രസിഡന്‍റുമാരെ ചൊല്ലിയുള്ള തര്‍ക്കത്തിൽ തട്ടി കോണ്‍ഗ്രസ് പുനസംഘടന ചര്‍ച്ച നിലച്ചു. പ്രധാന നേതാക്കള്‍ തന്നെ അവകാശ വാദത്തിൽ ഉറച്ചു നില്‍ക്കുന്നതാണ് കെപിസിസി നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി. അടുപ്പക്കാരെ ഡിസിസി പ്രസിഡന്‍റാക്കണമെന്ന് പ്രധാന നേതാക്കളുടെ നിലപാടിൽ എതിര്‍പ്പ് ഉയര്‍ന്നതാണ് കാരണം. നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെപിസിസി നേതൃത്വം. തൃശ്ശൂര്‍ ഒഴികെ എല്ലാ ഡിസിസി പ്രസിഡന്‍റുമാരെയും മാറ്റാമെന്നായിരുന്ന ആദ്യ ആലോചന. എന്നാൽ ചര്‍ച്ച തുടങ്ങിയതോടെ ഇതു പൊളിഞ്ഞു. എറണാകുളം, മലപ്പുറം, കോഴിക്കോട് ഡിസിസി പ്രസിഡന്‍റുമാര്‍ക്ക് മാറ്റം വേണ്ടെന്ന അഭിപ്രായം വന്നു. സ്വന്തം ജില്ലയിൽ സ്വന്തം നോമിനായിയ മുഹമ്മദ് ഷിയാസ് തുടരട്ടെയെന്ന നിലപാട് പ്രതിപക്ഷ നേതാവും എടുത്തു. പിന്നാലെ കണ്ണൂരിൽ മാര്‍ട്ടി ജോര്‍ജിനെ മാറ്റേണ്ടെന്ന് കെ.സുധാകരൻ നേതൃത്വത്തെ അറിയിച്ചു. കൊല്ലത്ത് രാജേന്ദ്ര പ്രസാദിനെ മാറ്റുന്നതിനെ പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എതിര്‍ത്തു.

മാറ്റം വരുത്താൻ തീരുമാനിച്ച ജില്ലകളിൽ തര്‍ക്കമായി. തിരുവനന്തപുരത്ത് ചെമ്പഴന്തി അനിലിനെയും കോട്ടയത്ത് ഫിൽസണ്‍ മാത്യൂസിനെയും പ്രസിഡന്‍റാക്കണമെന്നായിരുന്നു വി. ഡി സതീശന്‍റെ നിര്‍ദ്ദേശം. ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ തര്‍ക്കമായി. ആലപ്പുഴയിൽ ബാബു പ്രസാദിനെ മാറ്റുന്നെങ്കിൽ താൻ പറയുന്ന ആളെ പകരം വയ്ക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

നേതാക്കളെ അനുനയിപ്പിക്കാൻ നല്ല സമയം നോക്കുകയാണ് കെപിസിസി നേതൃത്വം. പുനസംഘടനയുടെ പേരിൽ സംഘടനയെ ആകെ കുഴപ്പത്തിലാക്കാനില്ലെന്നും യുവനേതാക്കൾ വിശദമാക്കുന്നു. എഐസിസി മടക്കിയ ജംബോ പട്ടിക സമവായത്തിലൂടെ വെട്ടിയൊതുക്കാനാണ് ശ്രമം. ഡിസിസി പ്രസിഡന്‍റുമാരെ മാറ്റേണ്ടെന്ന നേതാക്കളുടെ നിലപാടിന് എല്ലാ ജില്ലകളിലും വഴങ്ങാനില്ല. പക്ഷേ ഏതു ജില്ലയിലാണെങ്കിലും മാറ്റം വരുത്തിയാൽ പകരം വയ്ക്കുന്നയാള്‍ മാറ്റിയ ആളെക്കാള്‍ മികച്ചതായിരിക്കണം. മൊത്തത്തിൽ കുറച്ചു ജില്ലകളിൽ പ്രസിഡന്‍റുമാരെ മാറ്റി. പുനസംഘടന നടപ്പാക്കുന്നതിലേയ്ക്കാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ നീങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം