ബത്തേരി തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടിൻ മേൽ ഉടൻ തുടർ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

വയനാട്: വയനാട് കൃഷ്ണഗിരിയിൽ അനധികൃതമായി മുറിച്ച ഈട്ടി മരങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്തു. ബത്തേരി തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടിൻ മേൽ ഉടൻ തുടർ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിനിടെ സംരക്ഷിത മരങ്ങൾ മുറിക്കാൻ ഒത്താശ ചെയ്തവർക്ക് എതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രകൃതി സംഘടനകൾ കത്തയച്ചു.

കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിലെ മരം കൊള്ള ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് നടപടികൾ തുടങ്ങിയത്. കോടികൾ വില മതിക്കുന്ന മുറിച്ചിട്ട 13 ഈട്ടി മര തടികൾ കസ്റ്റഡിയിലെടുത്തു. മര തടികൾ എസ്റ്റേറ്റിൽ നിന്ന് കടത്തുന്നതിന് മുൻപ് ബത്തേരി തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കൃഷ്ണഗിരി വില്ലേജ് ഓഫീസറുടെ പിന്തുണയോടെ സർക്കാർ ഭൂമിയിൽ നിന്ന് സംരക്ഷിത മരങ്ങൾ മുറിച്ചെന്നാണ് ബത്തേരി തഹസിൽദാരുടെ കണ്ടെത്തൽ. ഈ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചാൽ വില്ലേജ് ഓഫീസർക്കെതിരെ നടപടി ഉണ്ടാകും. 

മരം മുറിക്കാൻ അപേക്ഷ നൽകിയ പാണ്ടാ ഫുഡ്സ് കന്പനി ഉടമകൾക്കെതിരെയും കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസ് എടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജന്മ ഭൂമിയാണെന്ന് തെളിയിച്ച് ഈട്ടി മരം മുറിക്കാൻ വേണ്ടി 6 മാസങ്ങൾക്ക് മുൻപ് വ്യാജ ആധാരം ചമച്ചെന്നും പരാതിയുണ്ട്.

മലന്തോട്ടം എസ്റ്റേറ്റിലെ റവന്യൂ ഭൂമിക്ക് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഏറെകാലമായി കേസ് നടക്കുന്നുണ്ട്. ഇതിനിടെയാണ് ജന്മം ഭൂമിയാണെന്ന് തെറ്റദ്ധരിപ്പിച്ച് മരം കൊള്ളയെന്നതും ശ്രദ്ധേയമാണ്. കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിൽ ഇതിന് മുൻപും വ്യാപകമായി സംരക്ഷിത മരംങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ട് എന്നാണ് വിവരം.