കാസർകോട് പൂച്ചകാട് നിന്ന് കവർന്നത് 4 ലക്ഷം രൂപയും 30 പവൻ സ്വർണവും, മൂവാറ്റുപുഴയിൽ നഷ്ടപ്പെട്ടത് 20 പവൻ സ്വർണം
കാസർകോട്: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വൻ കവർച്ച. കാസർകോട് പൂച്ചക്കാടും മൂവാറ്റപുഴയ്ക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റി പടിയിലുമാണ് വീടുകളിൽ വൻ കവർച്ച കടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് മോഷ്ടിച്ചത്. പൂച്ചക്കാട് ഹൈദോസ് ജുമാ മസ്ജിദിന് പിന്നിൽ താമസിക്കുന്ന വടക്കൻ മുനീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകളിലെ നിലയിലെ ജനൽപാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവർച്ച നടത്തിയത്. കവർച്ചയ്ക്ക് ശേഷം മുൻവാതിൽ തുറന്നാണ് രക്ഷപ്പെട്ടത്. ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂവാറ്റുപുഴയിൽ തൃക്കളത്തൂർ സൊസൈറ്റി പടിയിൽ വസന്തരാജന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണം ആണ് ഇവിടെ നിന്ന് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി. ഡിവൈഎസ്‍പി മുഹമ്മദ് റിയാസിനെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റും പൊലീസ് ശേഖരിച്ചു. വീട് കുത്തിത്തുറക്കാതെ മോഷ്ടാവ് ഉള്ളിൽ കടന്നതിനാൽ പരിചയമുള്ള ആരെങ്കിലും ആകാം പിന്നിലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

